രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ കനത്ത സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസ്. ഈ മാസം 22 നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ശബരിമല ദർശനം. രാഷ്ട്രപതിയെ വാഹനത്തിൽ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തത തേടിയിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറി തല ഏകോപന തല യോഗത്തിലാണ് തീരുമാനം.
രാഷ്ട്രപതി ഭവൻ തയാറാക്കി നൽകിയ സന്ദർശന പരിപാടിയിൽ പ്രത്യേക വാഹനത്തിൽ വിവിഐപി പമ്പയിൽ നിന്നും സന്നിധാനത്തെത്തുമെന്നാണ് അറിയിച്ചത്. ഏതാണ് സ്പെഷ്യൽ വാഹനം എന്നതിലാണ് സർക്കാർ രാഷ്രട്രപതി ഭവനോട് വ്യക്തത തേടിയിരിക്കുന്നത്. നിലവിൽ സന്ദർശനത്തെത്തുന്ന വിവിഐപികളെല്ലാം ഒന്നുങ്കിൽ കാൽ നടയായോ അല്ലെങ്കിൽ ഡോളിയിലോ ആണ് സന്നിധാനത്തെത്തുന്നത്.
ആരോഗ്യവകുപ്പിന്‍റെ രണ്ട് ആംബുലൻസുകളും, വനംവകുപ്പിന്‍റെ ഒരു ആംബുലൻസുമാണ് ഇപ്പോള്‍ സന്നിധാനത്തുള്ളത്.
സന്നിധാനത്തുവച്ച് രോഗബാധിതരാകുന്നവരെ മാത്രം ആംബുലൻസിൽ കൊണ്ടുപോകാനാണ് ഹൈക്കോടതിയുടെ അനുമതി. രാഷ്ട്രപതി വരുമ്പോള്‍ ഏത് സ്പെഷ്യൽ വാഹനം ഉപയോഗിക്കുമെന്ന ആശങ്ക ഇപ്പോഴും തുടരുകയാണ്. രാഷ്ട്രപതി ഭവൻ സൈനിക വാഹനമാണ് ക്രമീകരിക്കുന്നതെങ്കില്‍, അത് സ്വാമി അയ്യപ്പൻ റോഡില്‍ ഓടിക്കാനുള്ള ഹൈക്കോടതിയുടെ പ്രത്യേക അനുമതിയും ആവശ്യമാകും.
രാഷ്ട്രപതി ഭവൻ വ്യക്തത നല്‍കിയാലും ഹൈക്കോടതിയുടെ അനുമതിയും ദേവസ്വം ബോർഡ് ഔപചാരികമായി തേടേണ്ടിവരും. നിലവിലുള്ള ആംബുലൻസിൽ ആണ് പോകുന്നതെങ്കിൽ അത് ഓടിക്കുന്ന ഡ്രൈവർമാർക്ക് വിവിഐപികളെ കൊണ്ടുപോയി പരിചയമില്ല. ഈ വാഹനത്തിലെ ഡ്രൈവർമാർക്ക് എസ്‌പിജി അനുമതി നൽകുമോയെന്നും വ്യക്തതയില്ല. ഇത്തരം കാര്യങ്ങളിൽ വ്യക്തത തേടാനാണ് രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറി തല ഏകോപന തല യോഗം തീരുമാനിച്ചത്.
രാഷ്ട്രപതിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി ഇതിനകം തന്നെ സന്നിധാനത്തും പമ്പയിലും സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂർത്തിയാക്കി കഴിഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്റർ മാർഗം നിലക്കൽ ഇറങ്ങി ഇവിടെ നീന്നും റോഡ് മാർഗം സന്നിധാനത്തെത്തി വൈകുന്നേരത്തോടെ ദർശനം നടത്തി അന്ന് തന്നെ തിരുവനന്തപുരത്തേക്ക് പോകുക എന്ന നിലയിലാണ് പ്രോട്ടോകോൾ അനുസരിച്ചു വിവരം ലഭിച്ചിരിക്കുന്നതെന്നും ക്രമീകരണ ങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആ മാസം 22 നു കേരളത്തിൽ എത്തുന്ന രാഷ്ട്രപതി 24 വരെ കേരളത്തിൽ ഉണ്ടാകും. 23നു വൈകുന്നേരം നാലിന് പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യാതിഥിയായി രാഷ്ട്രപതി പങ്കെടുക്കും.






