തേക്കെ അമേരിക്കയിൽ ആന്തിസ് പർവ്വതനിരയുടെ പശ്ചിമഭാഗത്ത് ശാന്ത സമുദ്രത്തിന്റെ തീരത്തിൽ 966 കിലോ മീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്ന മഴപെയ്യാത്ത, അല്ലെങ്കിൽ മഴ തീരെ കുറവായി പെയ്യുന്ന ഒരു മരുഭൂമിയാണ് അറ്റക്കാമ. ചിലിയുടെ ഉത്തരഭാഗത്ത് 181,300 ചതുരശ്ര കി.മീ വിസ്തൃതിയിൽ ഇത് സ്ഥിതിചെയ്യുന്നു. നാസ, നാഷണൽ ജ്യോഗ്രഫിക്ക് തുടങ്ങിയ സംഘടനകളുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണ് ഇത്. ഇതിനു കിഴക്കായി തൂക്കായി ഉയരുന്ന ആൻഡീസ് മലനിരകളാണുള്ളത്. ആന്തിസ് പർവ്വതനിരയുടെ സമുദ്രതീരത്തോട് ചേർന്ന ഭാഗം കാറ്റ് വീശുന്നതിനു തടസ്സം സൃഷ്ടിക്കുന്നതും മറ്റ് ഭൂമിശാസ്ത്രപരമായ കാരണങ്ങളും 20 ദശലക്ഷം വർഷം പ്രായമുള്ള ഈ മരുഭൂമിയെ നിലനിർത്തുന്നു. ഈ മേഖലയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ലവണ അടിത്തറയും, മണൽ, ലാവാ അവശിഷ്ടങ്ങളുമാണ്. വെള്ളം ഒഴുകിക്കൂടുന്ന ഇടങ്ങളിൽ നൈട്രേറ്റ് തുടങ്ങിയ ധാതുക്കളുടെ നിക്ഷേപങ്ങൾ ലഭ്യമാണ്. പൊതുവേ ശുഷ്കപ്രകൃതിയാണുള്ളത്. ഉയർന്ന പ്രദേശങ്ങളിൽ മാത്രം വല്ലപ്പോഴും മഴ ലഭിക്കുന്നു. പടിഞ്ഞാറൻ തീരത്തുകൂടി ഒഴുകുന്ന ശീതജലപ്രവാഹംമൂലം മൂടൽമഞ്ഞ് ധാരാളമായി ഉണ്ടാകുന്നു.
ചൊവ്വയുമായുള്ള താരതമ്യം : അന്റൊഫഗാസ്റ്റക്ക് 100 കി.മീ (60 മൈൽ) തെക്ക് ശരാശരി 3000 മീ. (10000 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പലപ്പോഴും ചൊവ്വയുമായി താരതമ്യം ചെയ്യാറുണ്ട്. അന്യഗ്രഹവുമായുള്ള ഈ സാദൃശ്യം ചൊവ്വ പശ്ചാത്തലമായുള്ള പല ചലച്ചിത്രങ്ങളുടെയും ചിത്രീകരണ വേദിയക്കിയിട്ടുണ്ട്.
ചാന്ദ്ര താഴ്‌വര: സാൻ പെദരോ അറ്റക്കാമ എന്ന പട്ടണത്തിനു ഏകദേശം 13 കി.മീ(8 മൈൽ) പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ച്ന്ദ്രനിലെ ഉപരിതലത്തോടു വളരെ സാമ്യമുള്ളതാണ്.
കാലാവസ്ഥ: രാത്രി കാലങ്ങളിൽ താപനിലയിൽ വളരെയധികം വ്യതിയാനം കാണപ്പെടുന്നു. ചില പ്രദേശങ്ങളിൽ ഇത് -25° സെൽഷ്യസ് വരെ താഴെ പോവുന്നു. പകൽസമയത്ത് തണലുള്ളപ്പോൾ ഇത് 25° മുതൽ 30° വരെയാണ്. ദക്ഷിണാർദ്ധ രേഖാപ്രദേശത്തിനോട് ചേർന്നു കിടക്കുന്ന ഈ മേഖലയിൽ വേനൽക്കാലവും ശൈത്യകാലവും തമ്മിലുള കാലാവസ്ഥാവ്യതിയാനം വളരെ നേർത്തതാണ്. രാവിലെ 4°-10° സെൽഷ്യസ് വരെ അനുഭവപ്പെടുന്ന താപനില പിന്നീട് 45° സെൽഷ്യസ് വരെ എത്തുന്നു. സൂര്യാഘാത സാധ്യത വളരെ കൂടുതലാണ്. ഉൾപ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ ആപേക്ഷിക ആർദ്രത 18% വും തീരപ്രദേശങ്ങളിൽ ഇത് 98% വും ആണ്. അന്ദരീക്ഷമർദ്ദം 1017 മില്ലിബാറാണ്. ഈ പ്രദേശങ്ങളിൽ ചില ഋതുക്കളിൽ മദ്ധ്യാഹ്നത്തോട് കൂടി അതിശക്തമായ വീശുന്ന കാറ്റ് 100 കി.മീ യിൽ അധികം വേഗത കൈവരിക്കുന്നു.
അതികഠിനമായ വരൾച്ച ആണ് ഈ മഴനിഴൽ പ്രദേശത്ത് പൊതുവേ കണ്ടു വരുന്നത് . എന്നാൽ 2011 ലെ ജൂലൈ മാസത്തിൽ അന്റാർട്ടിക്കയിൽ നിന്നും വീശി അടിച്ച അതിശക്തമായ ഒരു ശീത കൊടുംകാറ്റ് ഈ പീഠഭൂമിയിൽ പ്രവേശിക്കുകയും 30 സെ.മീ രേഖപ്പെടുത്തിയ ഹിമാപാതത്തിനു ഹേതുവാവുകയും ചെയ്തു. തദ്ദേശവാസികളെ, പ്രത്യേകിച്ച് ഈ മരുപ്രദേശത്തുള്ള ബൊളീവിയയിലെ ജനങ്ങളെ ഒറ്റപ്പെടുത്തിയ ഇത്, പ്രദേശത്തെ ഖനികളുടെ പ്രവർത്തനം താൽക്കാലികമായി തടസപ്പെടുതാനും കാരണമായി. ഡ്രൈവർമാർ ഉൾപ്രദേശങ്ങളിൽ അകപ്പെടുകയും, ഇത് രക്ഷാപ്രവർത്തകരുടെ ജോലിഭാരം അധികമാക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും തീവ്രമായ കാലാവസ്ഥാ വ്യതിയാനമായി ചില സ്ഥലവാസികൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നു. എന്നാൽ ചില കാട്ടുചെടികൾ പൂക്കുന്നതിന് ഈ ജല ലഭ്യത കാരണമാവുകയും അത് ഈ മരുഭൂമിയിയെ ഒരു പുഷ്പാവരണം അണിയിക്കുകയും ചെയ്തു.








