കാത്തിരിപ്പിനൊടുവിൽ ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ: ദി റിവഞ്ച്’ സിനിമയുടെ ട്രെയ്‌ലർ പുറത്തെത്തി. സിനിമയുടെ പുതിയ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്. ആദിത്യ ധർ തന്നെയാണ് ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിൻ്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

രൺവീർ സിംഗ് നായകനാകുന്ന ചിത്രത്തിൽ ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി, രണ്ടാം ഭാഗം ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലും റിലീസ് ചെയ്യും.പാക് അധോലോകത്തിൽ നുഴഞ്ഞു കയറുന്ന ഹംസ അലി മസാരി (ജസ്കിരത് സിംഗ് രാംഗി) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രൺവീർ സിംഗ് അവതരിപ്പിക്കുന്നത്. വികാസ് നൗലഖ ആണ് സിനിമയുടെ ഛായാഗ്രഹണം.
എഡിറ്റർ – ശിവകുമാർ വി. പണിക്കർ, സംഗീതവും പശ്ചാത്തല സംഗീതവും – ശാശ്വത് സച്ച്ദേവ്.അതേസമയം, ബോക്സ് ഓഫീസിൽ ‘ടോക്‌സിക്’, ‘ധുരന്ധർ 2’ ക്ലാഷ് റിലീസ് കാത്തിരുന്ന ആരാധകർ നിരാശയിലാണ്. മാർച്ച് 19ന് നിശ്ചയിച്ചിരുന്ന യഷ് ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് ജൂൺ നാലിലേക്കാണ് മാറ്റിയതോടെയാണ് ക്ലാഷ് റിലീസ് ഒഴിവായത്.
ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദേശപ്രകാരമാണ് ‘ടോക്‌സിക്’ നിർമാതാക്കളുടെ ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങൾ സിനിമാ പ്രദർശനങ്ങളെ ബാധിച്ചേക്കാമെന്ന വിലയിരുത്തലാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.








