ഇൻസ്റ്റാഗ്രാമിൽ പത്ത് കോടി (100 മില്യൺ) ഫോളോവേഴ്‌സ് എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്‌ഫോമിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവും ലോക നേതാവുമായി നരേന്ദ്ര മോദി മാറി. വ്യാഴാഴ്ചയാണ് ഈ അപൂർവ്വ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.
2014-ലാണ് പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗികമായി ചേർന്നത്. അതേ വർഷം തന്നെയാണ് എൻഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നതും. കഴിഞ്ഞ 12 വർഷത്തിനിടെ ദശലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് എത്തിയത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒന്നായി ഇത് മാറിയിരിക്കുകയാണ്.

ആഗോള നേതാക്കളെ പിന്നിലാക്കി മോദി
വാർത്താ ഏജൻസിയായ എഎൻഐ (ANI) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിലെ പ്രമുഖ നേതാക്കളെയെല്ലാം മോദി ബഹുദൂരം പിന്നിലാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് രണ്ടാമതുള്ളത്. ട്രംപിന് 43.2 മില്യൺ ഫോളോവേഴ്‌സ് മാത്രമാണുള്ളത്.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (15 മില്യൺ), ബ്രസീൽ പ്രസിഡന്റ് ലുല (14.4 മില്യൺ), തുർക്കി പ്രസിഡന്റ് എർദോഗൻ (11.6 മില്യൺ), അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി (6.4 മില്യൺ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖർ.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്വാധീനം
ആഗോള നേതാക്കൾക്ക് പുറമെ ഇന്ത്യയിലെ തന്റെ രാഷ്ട്രീയ എതിരാളികളെക്കാളും സഹപ്രവർത്തകരെക്കാളും ഏറെ മുന്നിലാണ് മോദി. ഇന്ത്യയിൽ മോദിക്ക് ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള നേതാവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് (16.1 മില്യൺ).
പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയാണ് മൂന്നാം സ്ഥാനത്ത്. രാഹുൽ ഗാന്ധിക്ക് 12.6 മില്യൺ ഫോളോവേഴ്‌സ് ആണുള്ളത്. സാധാരണക്കാരുമായി സംവദിക്കാനും തന്റെ പ്രവർത്തനങ്ങൾ പങ്കുവെക്കാനും നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ നേട്ടം.








