നോയിഡ എയര്‍പോര്‍ട്ട് പരിസരത്ത് ഡ്രോണിന് വിലക്ക്

0
16

ലഖ്‌നൗ: നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ സുരക്ഷ കണക്കിലെടുത്ത് എയർപോർട്ടിൻ്റെ ചുറ്റുമുള്ള പ്രദേശം റെഡ് സോണായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിസരങ്ങളിൽ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിമാനത്താവളത്തിന് ചുറ്റം ഡ്രോൺ കണ്ടതിന് പിന്നാലെ വിമാനത്താവള സുരക്ഷാ ഏജൻസി എസ്‌ഐഎസിലെ ഉദ്യോഗസ്ഥൻ കൃഷ്‌ണകാന്ത് പാണ്ഡെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്‌തു. രണ്ടോ മൂന്നോ ദിവസമായി വിമാനത്താവള അതിർത്തിക്കുള്ളിൽ രാത്രി വൈകിയും ഡ്രോണുകൾ പറക്കുന്നത് കണ്ടതായി പരാതിയിൽ പറയുന്നു. ഡ്രോണുകൾ റാണേര-കുറേബ് ഭാഗത്ത് നിന്നാണ് വരുന്നതെന്നും കുറച്ച് സമയം പറന്നതിന് ശേഷം അതുവഴി തിരികെ പോകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡ്രോൺ പറത്തുന്നവരെ കണ്ടുപിടിക്കുകയും അവർക്കെതിരെ കർശന നടപടി എടുക്കുകയും ചെയ്യും. ഒരു പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും അഡിഷണൽ പൊലീസ് സൂപ്രണ്ട് സുധീർ കുമാർ പറഞ്ഞു. വിമാനത്താവളത്തോട് ചേർന്നുള്ള ഗ്രാമങ്ങളിൽ വിവാഹമോ മറ്റോ നടക്കുമ്പോൾ വീഡിയോ ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന ഡ്രോണുകൾ അശ്രദ്ധമായി നിയന്ത്രിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. സംഭവത്തെ കുറിച്ചും മറ്റും സുരക്ഷാ ഏജൻസികൾ സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് ചുറ്റും പൊലീസ് പട്രോളിങ്ങും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

എന്താണ് റെഡ് സോൺ: ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളമാണ് നോയിഡയിലുള്ളത്. അതുപോലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം റെഡ് സോണായി പ്രഖ്യാപിക്കുന്നത് പതിവാണ്. അതീവ സുരക്ഷാ മേഖലയെയാണ് റെഡ് സോൺ എന്ന് പറയുന്നത്. ഈ സോണിൽ ഡ്രോണുകൾ പറത്തുന്നതിന് അനുമതിയില്ല. ഇത് നിയമവിരുദ്ധമാണ്. വിമാനത്താവളങ്ങളുടെ റൺവേയ്ക്ക് ചുറ്റുമുള്ള നിർദിഷ്‌ട ദൂരപരിധിയിലാണ് ഈ സോൺ വരുന്നത്. വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിങ് എന്നിവ തടസപ്പെടാതിരിക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ. എന്നാൽ ഇത്തരം സംഭവങ്ങൾ നിസാരമായി കാണാൻ സാധിക്കില്ല. അനുമതിയില്ലാതെ റെഡ് സോണിൽ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

ഉദ്‌ഘാടനം ഈ മാസം അവസാനം: നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം അവസാനം തുറക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ ആണെന്നും എയറോഡ്രോം ലൈസൻസ് നേടുന്നതിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് നോയിഡ.

LEAVE A REPLY

Please enter your comment!
Please enter your name here