ഒരു തെരഞ്ഞെടുപ്പ് -അത് നിയമസഭയോ ലോക്‌സഭയോ തദ്ദേശ സ്ഥാപനങ്ങളോ ഏതുമായിക്കൊള്ളട്ടെ, നടത്തുക എന്നത് മാസങ്ങള്‍ നീളുന്ന പ്രക്രിയ ആണ്. ഭരണകൂടം പൊലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ഏറ്റവും ഭംഗിയായി അത് നടത്തുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള 72 മണിക്കൂര്‍ അതായത് മൂന്ന് ദിവസം ഏറെ നിര്‍ണായകമാണ്. പ്രചാരണങ്ങള്‍ അവസാനിക്കുന്ന ദിവസവും പ്രചാരണമില്ലാത്ത രണ്ട് ദിവസവും അടക്കമുള്ള ഈ സമയം. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്യോഗസ്ഥരുടെ ചുമതലകള്‍ എന്തെല്ലാമെന്ന് വിശദമായി അറിയാം.
മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങള്‍, തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കല്‍, മികച്ച അധികൃതരുടെ മേല്‍നോട്ടം തുടങ്ങിയവ തെരഞ്ഞെടുപ്പുകള്‍ സമാധാനപരമായും സ്വതന്ത്രമായും നിഷ്‌പക്ഷമായും നടത്താന്‍ അനിവാര്യമാണ്. സംസ്ഥാന, ജില്ലാ, മണ്ഡലതലങ്ങളിലുള്ള മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പിന്‍റെ നിര്‍ണായക വേളയില്‍ കൈക്കൊള്ളേണ്ട ഓരോ ചുവടുകളെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ടായിരിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇവ പൂര്‍ണമായും നടപ്പാക്കാനും ഇവര്‍ സജ്ജരായിരിക്കണം.
അവസാന നിര്‍ണായക മണിക്കൂറുകളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും റിട്ടേണിങ് ഓഫീസറും മറ്റും കൈക്കൊള്ളേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിശദമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി എങ്ങനെ വിന്യസിക്കണമെന്നതിനെക്കുറിച്ചും കമ്മീഷന്‍റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി നിറുത്തുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. ഇവര്‍ക്ക് നല്‍കേണ്ട പരിശീലനങ്ങളെക്കുറിച്ചും കമ്മീഷന്‍ വിശദമായി പ്രതിപാദിക്കുന്നു.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിന്യസിക്കുന്നത് ഇവരെ
സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംസ്ഥാന കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പിഎസ്‌സി, എയ്‌ഡഡ് കോളജുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിന്യസിക്കുക.
പരിശീലനം
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍ററും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും രൂപീകരിച്ച പാനലിലെ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റുമാര്‍ക്കും പരിശീലനം നല്‍കും. ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്‍റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റര്‍ പരിശീലനം നല്‍കും.
വിവരങ്ങള്‍ നല്‍കല്‍
ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയോഗിച്ച ശേഷം ഇവരാണ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കേണ്ടത്.
ജീവനക്കാരുടെ മൊബൈല്‍ നമ്പറും വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം. തെരഞ്ഞെടുപ്പ് ജോലിക്കുള്ള പ്രതിഫലം നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കാനാണിത്. പോളിങ് നടക്കുന്ന ദിവസം തന്നെ പ്രതിഫലം അക്കൗണ്ടിലെത്തും.
തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് വിട്ട് നില്‍ക്കാനാഗ്രഹിക്കുന്നവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ സമര്‍പ്പിക്കണം.
തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കാനുള്ള മാനദണ്ഡങ്ങള്‍
- അര്‍ബുദ രോഗികള്‍
- ഗര്‍ഭത്തിന്‍റെ അവസാനഘട്ടത്തിലുള്ളവര്‍ (അതായത് ഏഴ് മാസം കഴിഞ്ഞവര്‍)
- മുലയൂട്ടുന്ന രണ്ട് വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്‍
- സാംക്രമിക രോഗമുള്ളവര്‍
- ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍
- പുരോഹിതന്‍മാരും കന്യാസ്‌ത്രീകളും
- ഭാര്യയെയും ഭര്‍ത്താവിനെയും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചാല്‍ ഒരാളെ ഒഴിവാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിക്കാം.
സംസ്ഥാനത്ത് ഇക്കുറി നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം സ്വന്തം ജില്ലയില്‍ സേവനം അനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഒരു ജില്ലയില്‍ മൂന്ന് കൊല്ലം പൂര്‍ത്തിയായവരെയും മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്‌ടര്‍മാര്‍, എഡിഎമ്മുമാര്‍, എഡിജിപിമാര്‍ മുതല്‍ എസ്‌ഐമാര്‍ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍, തഹസീല്‍ദാര്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ളവരെയാണ് മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം 28നകം സ്ഥലം മാറ്റം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമയം അനുവദിച്ചിട്ടുള്ളത്.
അതേസമയം തെരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമില്ലാത്ത അധ്യാപകര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമല്ല. ഇതിന് പുറമെ മെയ് 31നകം സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരെയും സ്ഥലം മാറ്റ നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അന്തിമ വോട്ടര്‍പട്ടിക വന്നതിന് ശേഷമേ മാറ്റാവൂ എന്നും നിര്‍ദ്ദേശമുണ്ട്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ വീഴ്‌ച വരുത്തിയവരെയും അച്ചടക്ക നടപടികള്‍ നേരിടുന്നവരെയും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കുന്നതിന് വിലക്കുണ്ട്.
വനിതകള്‍ക്ക് രാവിലെ സ്വന്തം വീട്ടില്‍ നിന്ന് എത്താന്‍ കഴിയും വിധം അടുത്തുള്ള പോളിങ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് ചുമതല നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.
തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് വിന്യസിക്കുന്ന വനിതകള്‍ക്ക് താമസ-യാത്രാ സൗകര്യം ഉറപ്പാക്കണം.
ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോസ്ഥര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായ നോഡല്‍ ഓഫീസ്‍ ഉദ്യോസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തണം.
ഉദ്യോഗസ്ഥര്‍ക്കുള്ള ശുചിമുറികള്‍, കിടക്കകള്‍, ഭക്ഷണം എന്നിവ സ്വയം സഹായ സംഘങ്ങള്‍ വഴി പണം നല്‍കി ഉറപ്പാക്കണം.
പ്രശ്‌ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സര്‍ക്കാരുദ്യോഗസ്ഥരായ നിരീക്ഷനുണ്ടായിരിക്കണം. വീഡിയോ ക്യാമറയും വെബ്‌കാസ്‌റ്റിങും ഒരുക്കണം. സിസിടിവികളും സ്ഥാപിച്ചിരിക്കണം.






