ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രെന്‍ഡിങ്ങായതോടെ എച്ച്ഐഡി ലൈറ്റുകൾ വാഹനത്തില്‍ ഘടിപ്പിക്കാനുള്ള തിരക്കിലാണ് ഭൂരിഭാഗം പേരും, പ്രത്യേകിച്ച് കൗമാരക്കാരും യുവാക്കളും. ഉയര്‍ന്ന തീവ്രതയുള്ള ലൈറ്റുകള്‍ വഴി നിരത്തില്‍ ചീറപ്പായാമെന്ന മോഹത്തിലാണ് ഇവര്‍. എന്നാല്‍ ഇതൊന്നും നടക്കില്ലെന്നും ഗതാഗത നിയമലംഘനമാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്.
“അധിക വില നൽകി അപകടം ക്ഷണിച്ച് വരുത്തരുതേയെന്ന്” എംവിഡി മുന്നറിയിപ്പ് നല്‍കുന്നു. ഉയർന്ന തീവ്രതയുള്ള എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ലൈറ്റുകൾ ഉപയോഗിക്കാന്‍ ഗതാഗത നിയമം അനുവദിക്കില്ലെന്ന് എംവിഡി ഉദ്യോഗസ്ഥൻ അറിയിച്ചു.
അനുവദനീയമല്ലാത്ത ലൈറ്റുകള്‍ക്ക് എതിരെ പ്രതികരിച്ച് എംവിഡി (ETV Bharat)
ഏകദേശം 3000 രൂപ മുതല്‍ 8000 രൂപയോളം നല്‍കിയാണ് ഈ ബള്‍ബുകള്‍ സ്വന്തം വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ഭൂരിഭാഗം ആളുകളും ശ്രദ്ധിക്കുന്നില്ലെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇൻസ്റ്റഗ്രം ഫേസ്‌ബുക്ക് ട്രന്‍ഡിങ് വീഡിയകളോട് പ്രതികരിച്ച് എംവിഡി മാസ് എന്‍ട്രി നടത്തിയത്. ഇതോടെ ലൈറ്റുകള്‍ ഘടിപ്പിച്ചവര്‍ക്ക് അമളി മനസിലായി.
ലൈറ്റിലെ അപകടസാധ്യത വിശദീകരിച്ച് എംവിഡി
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സാധാരണ സ്റ്റോക്ക് ലൈറ്റുകള്‍ എആര്‍ അപ്രൂവ്‌ഡ് ഏജന്‍സി അംഗീകാരം നല്‍കിയ ബള്‍ബുകളാണ്. എന്നാല്‍ ഉയർന്ന തീവ്രതയുള്ള എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ലൈറ്റുകൾ ഘടിപ്പിക്കുമ്പോള്‍ റിഫ്ലക്‌ടറുകളില്‍ മാറ്റം വരുന്നില്ലെന്നും എംവിഡി വ്യക്തമാക്കി.
“എച്ച്ഐഡി ലൈറ്റുകളില്‍ നിന്നും തീവ്രമായ പ്രകാശമാണ് വരുന്നത്. എച്ച്ഐഡി ബള്‍ബുകള്‍ ഘടിപ്പിക്കുന്നതോടെ റോഡ് മുഴുവന്‍ ഇതിൻ്റെ പ്രകാശം നിറയും. ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതോടെ എതിരെ വരുന്ന ഡ്രൈവറുടെ കണ്ണിലേക്ക് ഇതിൻ്റെ തീവ്രമായ പ്രകാശം അടിക്കും. എതിര്‍ ദിശയില്‍ വരുന്ന വാഹനത്തിലെ ഡ്രൈവർക്ക് നേരെ വരുന്ന വാഹനങ്ങളെയോ കാല്‍ നടയാത്രക്കാരെയോ കാണാന്‍ കഴിയില്ല. ഇതോടെ വാഹനം അപകടത്തില്‍പ്പെടാനുള്ള സാധ്യതകള്‍ കൂടുന്നു” എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒളിഞ്ഞിരിക്കുന്ന അപകടം
എച്ച്ഐഡി ബള്‍ബുകള്‍ തീവ്ര പ്രകാശം പരത്തുന്നതിലപ്പുറം വേറെയും അപകടങ്ങളുണ്ട്. ഈ എല്‍ഡി ബള്‍ബുകളില്‍ അമിതമായി ചൂട് വര്‍ധിപ്പിക്കുകയും ഷോർട്ട് സർക്യൂട്ടിന് കാരണമാകുകയും ചെയ്യുന്നു. തുടര്‍ന്ന് വാഹനം മുഴുവനായും കത്തി നശിക്കാനും ഇടയാക്കുന്നു. ഭൂരിഭാഗം ആളുകള്‍ക്കും ഇത് അറിയില്ലെന്നതാണ് വാസ്‌തവമെന്ന് എംവിഡി പറഞ്ഞു.
ഏതൊക്കെ ലൈറ്റുകള്‍ ഉപയോഗിക്കാം ? ഏതൊക്കെ ഉപയോഗിക്കരുത്?
1. അനുവദനീയമായ ലൈറ്റുകൾ
- ഹെഡ്‌ലൈറ്റുകൾ: വാഹന നിർമ്മാതാക്കൾ നൽകുന്ന (Company Fitted) ഹെഡ്‌ലൈറ്റുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇതിൻ്റെ നിറം വെള്ളയോ ഇളം മഞ്ഞയോ ആയിരിക്കണം.
- ഇൻഡിക്കേറ്ററുകൾ: എല്ലാ ഇൻഡിക്കേറ്ററുകളും മഞ്ഞ (Amber) നിറത്തിലുള്ളവയായിരിക്കണം.
- ബ്രേക്ക് ലൈറ്റുകൾ: വാഹനത്തിൻ്റെ പിന്നിലെ ബ്രേക്ക് ലൈറ്റുകൾ ചുവപ്പ് നിറത്തിലുള്ളതാകണം.
- നമ്പർ പ്ലേറ്റ് ലൈറ്റ്: പിൻവശത്തെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്നതിനായി വെളുത്ത ലൈറ്റ് ഉപയോഗിക്കണം.
2. നിരോധിച്ചവ (അനധികൃത മാറ്റങ്ങൾ)
അധിക ലൈറ്റുകൾ: കമ്പനി നൽകുന്ന ലൈറ്റുകൾക്ക് പുറമെ അധികമായി ഘടിപ്പിക്കുന്ന എൽ.ഇ.ഡി (LED) ബാറുകൾ, സെർച്ച് ലൈറ്റുകൾ, ഫോഗ് ലൈറ്റുകൾ എന്നിവ നിയമവിരുദ്ധമാണ്.
നിറം മാറ്റം: ഹെഡ്‌ലൈറ്റുകളിലോ ഇൻഡിക്കേറ്ററുകളിലോ മറ്റ് നിറങ്ങളിലുള്ള (നീല, ചുവപ്പ്, പച്ച) ബൾബുകൾ ഉപയോഗിക്കാൻ പാടില്ല.
തീവ്രത കൂടിയ ലൈറ്റുകൾ: എച്ച്.ഐ.ഡി (HID) അല്ലെങ്കിൽ തീവ്രതയേറിയ എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിക്കുന്നത് മറ്റു വാഹനയാത്രക്കാരുടെ കണ്ണിന് തടസ്സമുണ്ടാക്കുന്നതിനാൽ നിരോധിച്ചിരിക്കുന്നു.
ഫ്ലാഷറുകൾ: സ്വകാര്യ വാഹനങ്ങളിൽ ഫ്ലാഷറുകളോ ബ്ലിങ്കറുകളോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
3. പിഴയും നടപടികളും
അനധികൃതമായി ലൈറ്റുകൾ മാറ്റം വരുത്തുന്നവർക്കെതിരെ ‘ഓപ്പറേഷൻ ഫോക്കസ്’ പോലുള്ള പദ്ധതികളിലൂടെ MVD കർശന നടപടി സ്വീകരിക്കുന്നു. നിരോധിച്ച ലൈറ്റുകൾ ഉപയോഗിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കാം. ലൈറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും വീണ്ടും ആവർത്തിച്ചാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്യാം.








