യുവനടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. കർശനമായ ഉപാധികളോടെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കാനും എറണാകുളം ജില്ല വിട്ടുപോകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ചിത്രീകരണം നടന്ന ഫോർട്ട് കൊച്ചിയിലെ സംഭവസ്ഥലത്ത് പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു.
തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ജയിലിൽ കഴിയുന്ന പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. അടുത്ത മൂന്നു മാസത്തേക്കോ അല്ലെങ്കിൽ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്ത് ഉടൻ ജയിൽമോചിതനാകും. ഫോർട്ട് കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ കാരവനിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയെ തുടർന്ന് മാർച്ച് 31-നാണ് തൊടുപുഴയിൽ വെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നേരത്തെ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ
ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. എന്നാൽ അറസ്റ്റിനെയോ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിനെയോ പ്രതിഭാഗം എതിർത്തിട്ടില്ലെന്ന് രഞ്ജിത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതിയും ജാമ്യം ലഭിക്കാനായി പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ആരോഗ്യ നിലയും അന്വേഷണത്തിന്റെ പുരോഗതിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കാൻ ശ്രമിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയിൽ അറിയിച്ചു. തന്റെ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പേോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ ബോധിപ്പിച്ചു.









