കാലവർഷം തെക്കു പടിഞ്ഞാറൻ മൺസൂൺ ആണെങ്കിൽ തുലാ വർഷം വടക്കു കിഴക്കൻ മൺസൂൺ ആണ്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് ഇക്കാലത്ത് കൂടുതൽ മഴ ലഭിക്കുക.
തുടർച്ചയായി ഉണ്ടാകുന്ന ചക്രവാതച്ചുഴി കാരണം കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒന്നിന് പിറകെ ഒന്നായി ചക്രവാതച്ചുഴി രൂപപ്പെടുകയും പെട്ടെന്ന് ദുർബലമാകുകയും ചെയ്യുന്നുണ്ട്. നിലവിൽ തമിഴ് നാട് തീരത്തിനു മുകളിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ടെന്നും ഒക്‌ടോബര്‍ 16,17 തീയതികളിൽ മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു. ഇടിയോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും അവർ വ്യക്തമാക്കി.
അതേസമയം കേരളത്തിലെ തുലാവർഷവുമായി ബന്ധപ്പെട്ട് കാലാവസ്ഥ നിരീക്ഷണം വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ മികച്ച തുലാ വർഷം കേരളത്തിൽ ലഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിലവിലെ മുന്നറിയിപ്പ് പ്രകാരം 16, 17 തീയതികളിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് ആണ് ഉള്ളതെങ്കിലും ഓറഞ്ച് അലർട്ടിലേക്ക് മാറാനുള്ള സാധ്യതയും കലാവസ്ഥ നിരീക്ഷണ വിഭാഗം പങ്കുവയ്ക്കുന്നു.
ഇന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ (ഒക്‌ടോബര്‍ 15) എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും 16 ന് തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും, 17 ന് തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് തുടരുകയാണ്. തുലാവർഷത്തിന് മുന്നോടിയായി ഇത് അടുത്ത ദിവസത്തോടെ വടക്കു -കിഴക്കൻ ദിശയിലേക്ക് മാറുമെന്നാണ് കരുതുന്നത്. തുലാവർഷ മഴ ഒരാഴ്ചക്കുള്ളിൽ കേരളത്തിൽ എത്തുമെന്നാണ് കരുതുന്നത്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറി മെച്ചപ്പെട്ട തുലാമഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. എല്ലാ ജില്ലകളിലും മഴ ലഭിച്ച തെക്ക് പടിഞ്ഞാറൻ കാലവർഷം ആണ് കഴിഞ്ഞു പോയത്.
മികച്ച തുലാ മഴ കൂടി ലഭിച്ചാൽ ജല സമ്പത്ത് കൂടും. ഒപ്പം കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 112% തുലാ മഴയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴയും ഇടിമിന്നലുമാണ് തുലാവർഷത്തിൻ്റെ പ്രത്യേകത. ഉച്ചയ്ക്കു ശേഷമായിരിക്കും മഴയുണ്ടാകുക. വൈകിട്ട് ഇടി മിന്നലിന് സാധ്യതയുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെ ആണ് തുലാവർഷം.
കാലവർഷം തെക്കു പടിഞ്ഞാറൻ മൺസൂൺ ആണെങ്കിൽ തുലാ വർഷം വടക്കു കിഴക്കൻ മൺസൂൺ ആണ്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് ഇക്കാലത്ത് കൂടുതൽ മഴ ലഭിക്കുക. കേരളത്തിൻ്റെ കാലാവസ്ഥയില്‍ തുലാമഴയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന വേനല്‍ക്കാലത്തെ വരള്‍ച്ചയും ജലക്ഷാമവും പരിമിതപ്പെടുത്താന്‍ തുലാമഴയുടെ സുലഭമായ ലഭ്യതകൊണ്ട് സാധിക്കും.








