മാധ്യമപ്രവർത്തകനോട് കയർത്ത് ട്രംപ്: “നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടോ?” എന്ന് ചോദ്യം;

0
3

വാഷിങ്‌ടൺ: വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ രൂക്ഷമായ ഭാഷയിൽ തട്ടിക്കയറി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് ഓൺലൈൻ പത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ആൻഡ്രൂ ഫെയിൻബെർഗിൻ്റെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് വീണ്ടും വിവാദപരമായ പരാമർശങ്ങൾ നടത്തിയത്.

വാർത്താ സമ്മേളനത്തിനിടെ ചോദ്യങ്ങൾ ഉന്നയിച്ച ആൻഡ്രൂവിനോട് “മിണ്ടാതിരിക്കൂ, മിണ്ടാതിരിക്കൂ!” (Quiet, QUIET!) എന്ന് ട്രംപ് ആക്രോശിക്കുകയായിരുന്നു. തുടർന്ന്, “നിങ്ങൾക്കെന്താണ് പ്രശ്നം? നിങ്ങൾ എന്തെങ്കിലും രോഗമുള്ള ആളാണോ? നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്” (“What’s wrong with you? Are you a sick person? I actually think there’s something wrong with you.”) എന്നും ട്രംപ് ക്രോധത്തോടെ ചോദിച്ചു.

​ട്രംപിൻ്റെയും മാധ്യമപ്രവർത്തകൻ്റെയും ഈ സംവാദം പിന്നീട് യുഎസ് വൈസ് പ്രസിഡൻ്റ് ജെ. ഡി. വാൻസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്-ൽ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ചർച്ചയായത്. “ഓവൽ ഓഫീസിൽ മോശമായി പെരുമാറിയ വിഡ്ഢിയായ മാധ്യമപ്രവർത്തകൻ ആൻഡ്രൂ ഫെയിൻബെർഗിനെ ട്രംപ് നിലയ്ക്കുനിർത്തുന്നു” എന്ന അടിക്കുറിപ്പോടെയാണ് വാൻസ് വീഡിയോ പോസ്റ്റ് ചെയ്തത്.

ട്രംപിൻ്റെ ചോദ്യത്തിന് “എനിക്ക് അസുഖങ്ങൾ ഒന്നുമില്ല സാർ” എന്ന് ഫെയിൻബെർഗ് മറുപടി നൽകി. പിന്നീട് താൻ തൻ്റെ ജോലിയാണ് ചെയതതെന്നും അടുത്ത ദിവസവും ജോലിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ശ്രദ്ധിക്കുന്നത് നന്നായിരിക്കും”; മുന്നറിയിപ്പുമായി ട്രംപ്

​

ഇതേ വാർത്താ സമ്മേളനത്തിൽ മറ്റൊരു മാധ്യമപ്രവർത്തകന് നേരെ വിരൽ ചൂണ്ടി ട്രംപ് മുന്നറിയിപ്പ് നൽകിയതും ശ്രദ്ധിക്കപ്പെട്ടു. “ഹേയ്, നീ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ സൂക്ഷിക്കുന്നത് നന്നായിരിക്കും” എന്നായിരുന്നു ട്രംപിൻ്റെ ഭീഷണി കലർന്ന പരാമർശം.

​സമീപകാലത്തായി മാധ്യമങ്ങൾക്കെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. സെപ്റ്റംബർ 18-ന് ചില പ്രമുഖ മാധ്യമ നെറ്റ്‌വർക്കുകളുടെ മാധ്യമപ്രവർത്തകർക്ക് വൈറ്റ് ഹൗസ് വളപ്പിൽ പ്രവേശിക്കുന്നതിന് ട്രംപ് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ഇവരുടെ മാധ്യമ പാസുകൾ റദ്ദാക്കുകയും ചെയ്തു. എന്നാൽ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് തിമോത്തി കെല്ലി ഈ വിലക്ക് താൽക്കാലികമായി റദ്ദാക്കിക്കൊണ്ട് രാത്രി വൈകി ഉത്തരവിറക്കുകയായിരുന്നു. എങ്കിലും ഈ ഉത്തരവ് വൈറ്റ് ഹൗസ് വളപ്പിലേക്കുള്ള പ്രവേശനം മാത്രമാണ് പുനഃസ്ഥാപിച്ചത്, ഔദ്യോഗിക പൂൾ റിപ്പോർട്ടിംഗ് ചുമതലകളെക്കുറിച്ച് വിധിയിൽ പരാമർശിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here