റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് മൂത്രാശയ ട്യൂമർ നീക്കം ചെയ്‌തു

0
29

അപൂർവമായ ഒരു തരം ട്യൂമറാണിതെന്നും ലോകത്ത് ആദ്യമായിട്ടാണ് ഈ ചികിത്സ നടത്തിയതെന്നും എസ്‌ജി‌പി‌ജി‌ഐ യൂറോളജി വിഭാഗത്തിലെ ഡോ. ഉദയ് പ്രതാപ് സിങ് അഭിപ്രായപ്പെട്ടു.

ലഖ്‌നൗ: ശാസ്‌ത്രലോകം അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശാസ്‌ത്രലോകത്തിൻ്റെ വളർച്ചയെ എടുത്ത് കാണിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നൂതന റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീർണവും അപൂർവവുമെന്ന് വിശേഷിപ്പിക്കുന്ന മൂത്രാശയ ട്യൂമർ നീക്കം ചെയ്‌തിരിക്കുകയാണ്. ഇതിലൂടെ രോഗിക്ക് ഒരു പുതു ജീവനാണ് ലഭിച്ചത്.

ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്‌ജി‌പി‌ജി‌ഐ) വച്ചാണ് ശസ്‌ത്രക്രിയ നടന്നത്. അപൂർവമായ ഒരു തരം ട്യൂമറാണിതെന്നും ലോകത്ത് ആദ്യമായിട്ടാണ് ഈ ചികിത്സ നടത്തിയതെന്നും എസ്‌ജി‌പി‌ജി‌ഐ യൂറോളജി വിഭാഗത്തിലെ ഡോ. ഉദയ് പ്രതാപ് സിങ് അഭിപ്രായപ്പെട്ടു.

“മൂത്രമൊഴിക്കുമ്പോൾ പെട്ടെന്ന് തലകറക്കം, ഇടയ്ക്കിടെയുള്ള ബോധക്ഷയം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലവേദന, വളരെ ഉയർന്ന രക്തസമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ രോഗ പ്രശ്‌നങ്ങളുമായാണ് ഒരു രോഗി ഞങ്ങളെ സമീപിച്ചത്. ഏകദേശം 60 വയസോളം പ്രായം വരും ഇവർക്ക്. ഞങ്ങൾ ആദ്യം രോഗിയെ പരിശോധിച്ചു, പരിശോധനകളിൽ രോഗിക്ക് അപൂർവമായ മൂത്രാശയ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി” – ഡോ. സിങ് പറഞ്ഞു.

ഇത്തരത്തിലുള്ള രോഗം രോഗിയുടെ ദൈനംദിന ജീവിതം ദുഷ്‌കരമാക്കും. മൂത്രാശയത്തിനുള്ളിലാണ് ശസ്ത്രക്രിയ നടത്തുക. അത്യാധുനിക റോബോട്ടിക് യന്ത്രങ്ങൾ ഉപയോഗിച്ച് മൂത്രാശയത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തുന്നതാണ് രീതിയെന്നും ഡോ. ഉദയ് പ്രതാപ് സിങ് വിശദീകരിച്ചു.

സാധാരണയായി, ഇത്തരം മുഴകൾ ലാപ്രോസ്കോപ്പ് ഉപയോഗിച്ചോ അടിവയറ്റിൽ ഒരു വലിയ മുറിവുണ്ടാക്കിയോ ആണ് നീക്കം ചെയ്യാറ്, ഇത് മൂത്രനാളിക്കും ചുറ്റുമുള്ള മറ്റ് അവയവങ്ങൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത കൂട്ടും. അതുകൊണ്ട് അപകടസാധ്യത കുറയ്ക്കാൻ ഒരു പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച്, വലിയ മുറിവുകൾ ഉണ്ടാക്കാതെ മൂത്രസഞ്ചിയിൽ നിന്ന് നേരിട്ട് ട്യൂമർ നീക്കം ചെയ്‌തു, ഇത് ശസ്ത്രക്രിയ സുരക്ഷിതമാക്കുകയും വേദന കുറയ്ക്കുകയും ചെയ്‌തു. ഓപ്പറേഷൻ സമയത്തുള്ള അനസ്തേഷ്യ ടീമിൻ്റെ സഹകരണം വളരെ പ്രധാനമായിരുന്നു. കാരണം ട്യൂമർ സ്‌പർശിക്കുമ്പോൾ രോഗിയുടെ രക്തസമ്മർദ്ദം പെട്ടെന്ന് വർധിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യയും ഡോക്‌ടർമാരുടെ മികച്ച ടീം വർക്കും ഉണ്ടെങ്കിൽ അപൂർവവും സങ്കീർണവുമായ രോഗങ്ങൾ പോലും സുരക്ഷിതമായി ചികിത്സിക്കാൻ കഴിയും. ഈ വിജയത്തോടെ രാജ്യത്തിനകത്തും പുറത്തും എസ്‌ജി‌പി‌ജി‌ഐയുടെ പ്രശസ്‌തി ശക്തിപ്പെടുകയും ഇത്തരം രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. സഞ്ചിത് റുസ്‌തഗി, ഡോ. സ്‌നിഗ്‌ധ ഗാർഗ് എന്നിവരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. പ്രൊഫസർ സഞ്ജയ് ധീരജ്, പ്രൊഫസർ അമിത് റസ്തോഗി, ഡോ. പ്രകാശ് ചന്ദ്ര, സീനിയർ റസിഡൻ്റ് ഡോ. ശിവേക് ​​എന്നിവർ ഈ സങ്കീർണമായ ശസ്ത്രക്രിയയുടെ വിജയത്തിൽ ഓപ്പറേഷൻ തിയേറ്റർ ടീമും നിർണായക പങ്ക് വഹിച്ചു. റോബോട്ടിക് ഒടി ഇൻ-ചാർജ് മനോജ് കുമാറും സീനിയർ നഴ്‌സിങ് ഓഫിസർ ലിസി ജോസഫും ശസ്‌ത്രകിയ സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here