കോഴിക്കോട് കനത്ത മഴ; ചാലിയാറും ഇരുവഞ്ഞിപ്പുഴയും കരകവിഞ്ഞു,

0
3

കോഴിക്കോട്: ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ ചാലിയാർ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. മാവൂർ, പെരുവയൽ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പുഴയോരത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ മഴ കനത്താൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഗതാഗതം തടസപ്പെട്ടു
ഗ്രാമീണ റോഡുകൾ വെള്ളത്തിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. പുലർച്ചെയോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂർ കച്ചേരി കുന്നിലെ നാല് വീടുകളിലാണ് നിലവിൽ വെള്ളം കയറിയത്. ഇതിൽ ഒരു കുടുംബം ഇന്നലെ തന്നെ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. അബ്ദുൽ ലത്തീഫ്, സത്യൻ, ശ്രീധരൻ, ഉനൈസ് എന്നിവരുടെ കുടുംബങ്ങളാണ് ഇന്ന് രാവിലെ മുതൽ വീട്ടിലെ സാധനസാമഗ്രികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ബന്ധുവീട്ടിലേക്ക് മാറിയത്. ഇതിനോട് ചേർന്നുള്ള ശ്രീവള്ളിയുടെ വീട്ടിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഈ ഭാഗത്തെ മറ്റ് മൂന്ന് വീടുകൾ കൂടി ഏതുനിമിഷവും വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്.

വെള്ളപ്പൊക്ക ഭീഷണി
സംസ്ഥാനത്ത് മഴ ശക്തമായതോടെ ആദ്യമായാണ് മാവൂർ കച്ചരിക്കുന്ന് പ്രദേശം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ഊർക്കടവ് റെഗുലേറ്ററിൻ്റെ ഷട്ടറുകൾ വേനലിൽ താഴ്ത്തിയിടുന്ന സമയത്ത് ഇതിനോട് ചേർന്നുള്ള വയലുകളിൽ ഒരാൾപ്പൊക്കത്തിൽ വെള്ളം കെട്ടിനിൽക്കാറുണ്ട്. എന്നാൽ മഴ കനത്തതോടെ വെള്ളം ഒലിച്ചിറങ്ങി വെള്ളപ്പൊക്കമായി മാറുകയായിരുന്നു. എല്ലാ വർഷവും ഈ ഭീഷണി നേരിടുന്നതിനാൽ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാവൂർ ഗ്രാമപഞ്ചായത്തിലെ ആയംകുളം, നെച്ചിക്കാട്ട് കടവ്, കുറ്റിക്കടവ്, വളയന്നൂർ എന്നിവിടങ്ങളിൽ വീടുകൾക്ക് ഭീഷണിയാകുന്ന വിധത്തിൽ ചാലിയാറിൽ നിന്നും ചെറുപുഴയിൽ നിന്നും വെള്ളം കയറിയിട്ടുണ്ട്. പെരുവയൽ പഞ്ചായത്തിലെ പള്ളിക്കടവ് ഭാഗത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

ക്യാമ്പുകൾ സജ്ജം
ചാത്തമംഗലം പഞ്ചായത്തിൽ ചെറുപുഴയോട് ചേർന്നുള്ള കോട്ടോയിൽ താഴം, വിരിപ്പിൽ എന്നിവിടങ്ങളിൽ ഏതുനിമിഷവും വെള്ളം കയറാവുന്ന അവസ്ഥയിലാണ്. സങ്കേതം റോഡ്, പുൽപറമ്പിൽ നായർകുഴി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കൂളിമാട്, പാഴൂർ മേഖലകളിൽ ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

ഫയർഫോഴ്സും പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും തീരദേശവാസികൾക്ക് കർശന ജാഗ്രതാ നിർദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ജില്ല ഭരണകൂടം നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കുന്നവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. മാവൂർ ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക മേഖലകളിൽ സന്ദർശനം നടത്തി വീട്ടുകാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. വരും മണിക്കൂറുകളിലും മഴ ഇതേ നിലയിൽ തുടർന്നാൽ ഇനിയും വെള്ളപ്പൊക്കത്തിൻ്റെ തീവ്രത വർധിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here