ഇന്ത്യ മികച്ച രാജ്യം, എൻ്റെ സുഹൃത്ത്, പാകിസ്ഥാനുമായി ഒരുമിച്ച് പോകണം”, പ്രശംസിച്ച് ട്രംപ്

0
63

മോദിയെയും ഷഹബാസ് ഷെരീഫിനെയും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെയും ട്രംപ് പ്രശംസിച്ചു. അസിം മുനീറിനെ “പ്രിയപ്പെട്ട ഫീൽഡ് മാർഷൽ” എന്ന് ട്രംപ് അഭിസംബോധന ചെയ്‌തു.

 ഇസ്രയേൽ- പലസ്‌തീൻ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ഉച്ചകോടിയിൽ ഇന്ത്യയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ മികച്ച സുഹൃത്താണ് ആ രാജ്യത്തെ നയിക്കുന്നതും ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ട്രംപ് വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് എടുത്തുപറയാതെയായിരുന്നു ട്രംപിൻ്റെ പ്രശംസ. ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് നിൽക്കുമെന്ന് താൻ കരുതുന്നതായും ട്രംപ് വേദിയിൽ പറഞ്ഞു.

“ഇന്ത്യ ഒരു മികച്ച രാജ്യമാണ്. എൻ്റെ വളരെ നല്ല സുഹൃത്താണ് ഇന്ത്യയുടെ ഉന്നത സ്ഥാനത്തുള്ളത്. അദ്ദേഹം മികച്ച പ്രവൃത്തി ചെയ്‌തു. ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് നിൽക്കുമെന്ന് ഞാൻ കരുതുന്നു,” ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും വേദിയിലുണ്ടായിരുന്നു. ഷഹബാസ് ഷെരീഫിനെയും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെയും ട്രംപ് പ്രശംസിച്ചു. അസിം മുനീറിനെ “പ്രിയപ്പെട്ട ഫീൽഡ് മാർഷൽ” എന്ന് ട്രംപ് അഭിസംബോധന ചെയ്‌തു.

ട്രംപിനെ പുകഴ്‌ത്തി ഷഹബാസ്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അശ്രാന്തവും നിരന്തരവുമായ പരിശ്രമത്തിന് ശേഷമാണ് മധ്യ ഏഷ്യ സമാധാനം കൈവരിച്ചതെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. “ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനും സമാധാന നൊബേൽ സമ്മാനത്തിനായി പാകിസ്ഥാൻ ട്രംപിനെ നാമനിർദേശം ചെയ്‌തിരുന്നു,” ഷഹബാസ് ഷെരീഫ് പറഞ്ഞു.

ദക്ഷിണേഷ്യയിൽ മാത്രമല്ല, മധ്യ ഏഷ്യയിലും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതിന് ട്രംപിനെ വീണ്ടും സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. അചഞ്ചലമായ സമാധാന ശ്രമങ്ങളെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ശക്തമായ ദൃഢനിശ്ചയത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും ഇന്നലെ രംഗത്ത് എത്തിയിരുന്നു. ബന്ദികളുടെ മോചനം ഇരുവരുടെയും ശക്തമായ ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നതാണെന്നും മോദി കൂട്ടിച്ചേർത്തു.

സമാധാന നൊബേൽ സമ്മാനം ലഭിക്കാത്തതിന് ശേഷം, ഇന്ത്യ-പാക് യുദ്ധം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ പരിഹരിച്ചതായി ട്രംപ് അവകാശപ്പെട്ടു. നൊബേലിനായി ഇത് പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ് ആരോപിച്ചു. 2025 മെയ് 10 ന്, അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും “പൂർണവും ഉടനടിയുള്ളതുമായ” വെടിനിർത്തലിന് സമ്മതിച്ചതെന്നാണ് ട്രംപിൻ്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ വാദം ഉന്നയിച്ചത്. ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതായി ട്രംപ് നിരന്തരം അവകാശപ്പെടാറുമുണ്ട്.

എന്നാൽ ഇരു സൈന്യങ്ങളുടെയും ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസുമായുള്ള (ഡിജിഎംഒ) ചർച്ചകളെ തുടർന്നാണ് സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ധാരണ എത്തിയതെന്നാണ് ഇന്ത്യയുടെ വാദം. 2025 ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രത്യാക്രമണമായി ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ ആരംഭിച്ചിരുന്നു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്‌മീരിലെയും ഭീകര ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. ഇന്ത്യ- പാക് അതിർത്തി കടന്നുള്ള നാല് ദിവസത്തെ തീവ്രമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും മെയ് 10 നാണ് ധാരണയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here