90 സീറ്റിൽ ബിജെപി; 50 സീറ്റുകൾ ഘടകകക്ഷികൾക്ക്, വിജയസാധ്യത മാനദണ്ഡം,

0
10

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ തിടുക്കം വേണ്ടെന്നും വിജയസാധ്യത അടിസ്ഥാനമാക്കി തീരുമാനമെടുക്കണമെന്നും സംസ്ഥാന ഘടകത്തിന് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ നിർദ്ദേശം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ വരാനിരിക്കെ, 52 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ സാധ്യത പട്ടികയ്ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അന്തിമരൂപം നൽകിയിരുന്നു. ഇത് ഡൽഹിയിൽ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചെങ്കിലും, സ്ഥാനാർഥി തീരുമാനത്തിൽ ധൃതി വേണ്ടെന്ന മറുപടിയാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. സ്ഥാനാർത്ഥി നിർണയത്തിൽ ആർഎസ്എസ് നേതൃത്വത്തിന്‍റെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വം നിർദ്ദേശിച്ചു.

പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന തെരഞ്ഞെടുപ്പ് പ്രഭാരിയുമായ വിനോദ് താവ്ഡെ, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, തെരഞ്ഞെടുപ്പ് സഹപ്രഭാരിയും കേന്ദ്രമന്ത്രിയുമായ ശോഭാ കരന്തലജെ, പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കെ. സുരേന്ദ്രൻ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, ശോഭാ സുരേന്ദ്രൻ, അനൂപ് ആന്റണി, എം.ടി. രമേശ് എന്നിവരും പി. സുധീർ, ഷോൺ ജോർജ്ജ്, കെ.കെ. അനീഷ് കുമാർ, നവ്യ ഹരിദാസ് തുടങ്ങിയവരുമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുള്ളത്. മാർച്ച് രണ്ടാം വാരത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ഇ ടിവി ഭാരതിനോട് പറഞ്ഞു.

സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും സ്വർണക്കൊള്ളക്കേസും ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കൊട്ടാരക്കരയിൽ മുൻ യുഡിഎഫ് സ്ഥാനാർത്ഥി രശ്മിയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ മണ്ഡലമായ പറവൂരിൽ വത്സല പ്രസന്നകുമാറിനെയും പാർട്ടിയിലെത്തിക്കാനായതും, എറണാകുളത്ത് ട്വന്റി 20 പാർട്ടി എൻഡിഎയിലേക്ക് വന്നതും രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ തവണ 36 സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. മത്സരിച്ചത്. ഇത്തവണ കൂടുതൽ സീറ്റുകൾ വേണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് മുതൽ പത്ത് വരെ സീറ്റുകളാണ് ട്വന്റി 20 ആവശ്യപ്പെടുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ മേഖലകളിൽ ക്രൈസ്തവ വിഭാഗത്തിന് മുൻഗണന നൽകും. ആലപ്പുഴ, പാലക്കാട് മേഖലകളിൽ ബിഡിജെഎസിനും പരിഗണന നൽകും.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ 90 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക. ബാക്കി 50 മണ്ഡലങ്ങളിൽ ബിഡിജെഎസ്, ട്വന്‍റി 20 ഉൾപ്പെടെയുള്ള എൻഡിഎ കക്ഷികൾ മത്സരിക്കും. മികച്ച വിജയസാധ്യതയുള്ള 10 മണ്ഡലങ്ങൾ, മികച്ച പ്രകടന സാധ്യതയുള്ള 42 മണ്ഡലങ്ങൾ, ശേഷിക്കുന്ന 48 മണ്ഡലങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ബിജെപി സ്ഥാനാർഥി നിർണയം നടക്കുന്നത്. സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ ചില മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വി. മുരളീധരൻ കഴക്കൂട്ടത്തും, നേമത്ത് രാജീവ് ചന്ദ്രശേഖറും, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും, പാലായിൽ ഷോൺ ജോർജ്ജും, തിരുവല്ലയിൽ അനൂപ് ആന്റണിയും, ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതിയും പ്രവർത്തനം ആരംഭിച്ചു.

വട്ടിയൂർക്കാവിൽ ശോഭാ സുരേന്ദ്രൻ, ആർ. ശ്രീലേഖ, നടൻ കൃഷ്ണകുമാർ എന്നിവരെയും തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ, ചെങ്കൽ രാജശേഖരൻ നായർ എന്നിവരെയും പരിഗണിക്കുന്നു. ആറന്മുളയിൽ കുമ്മനം രാജശേഖരൻ, കാസർകോട് എം.എൽ. അശ്വനി, ആറ്റിങ്ങലിൽ പി. സുധീർ, തൃശൂരിൽ എം.ടി. രമേശ്, മലമ്പുഴയിൽ സി. കൃഷ്ണകുമാർ, കൊടുങ്ങല്ലൂരിൽ ബി. ഗോപാലകൃഷ്ണൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ശോഭാ സുരേന്ദ്രനായി കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂർ, അരൂർ അല്ലെങ്കിൽ പാലക്കാട് മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്. മുൻ ഡിജിപി ജേക്കബ് തോമസിനെ തൃശൂരിലോ ഒല്ലൂരിലോ ഇരിങ്ങാലക്കുടയിലോ മത്സരിപ്പിക്കാനും ആലോചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here