സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസം മാത്രം 4 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒന്നര മാസത്തിനിടെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി എന്നതും ആശങ്കപ്പെടുത്തുന്നു.
സംസ്ഥാനത്ത് ഈ മാസം മാത്രം 22 കേസുകൾ ആണ് റിപ്പോർട്ട് ചെയ്‌തത്. ഈ വർഷം 110 കേസുകളും 24 മരണവും ഉണ്ടായി. വിവിധ ജില്ലകളിലായി നിലവിൽ 30 പേർ ചികിത്സയിൽ കഴിയുകയാണ്. കണ്ണൂർ തയ്യിലിലെ മൂന്നു വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതാണ് സംസ്ഥാനത്ത് അവസാനം റിപ്പോർട്ട് ചെയ്‌ത കേസ്. ഭൂരിപക്ഷം കേസുകളിലും അമീബിക് മസ്‌തിഷ്‌ക ജ്വരം എങ്ങനെ പകർന്നെന്ന് കണ്ടെത്താനായിട്ടില്ല. രോഗം നിർണയിച്ചു കഴിഞ്ഞാൽ വലിയ ശതമാനം മരണ സാധ്യത ഉറപ്പാണ് എന്നത് ഭീതികരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
കഴിഞ്ഞ ദിവസം മറ്റൊരു കുട്ടിക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കാസർകോട് സ്വദേശിയായ ആറ് വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പനി, അപസ്‌മാരം എന്നിവയുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ഗുരുതരം അല്ല. ഈ രണ്ട് കുട്ടികളും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ജില്ലാ ആരോഗ്യ വകുപ്പ് പരിശോധന കർക്കശമാക്കി. അപൂർവമായി മാത്രം കണ്ടിരുന്ന അമീബിക് മസ്‌തിഷ്‌ക ജ്വരം, ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആണ് ജാഗ്രത നിർദേശം കർശനമാക്കിയത്.
അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്‌ത് മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ. ടാങ്കുകൾ വൃത്തിയാക്കണം, ശുദ്ധീകരിക്കാത്ത കുളങ്ങളിൽ മുങ്ങാംകുഴി ഇട്ട് കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ശ്രദ്ധിച്ചില്ലെങ്കിൽ അതീവ ഗുരുതരമാകും
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.
മൂക്കിനേയും മസ്‌തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുകയുമാണ് ചെയ്യുന്നത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ 5 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
ലക്ഷണങ്ങൾ
- തീവ്രമായ തലവേദന
- പനി
- ഛർദ്ദി
- കഴുത്ത് വേദനയും തിരിക്കാൻ ബുദ്ധിമുട്ടും
- വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ.
കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ.
രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമക്കുറവ്, അപസ്‌മാരം, ബോധക്ഷയം എന്നിയുമുണ്ടാകും.
രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ഡോക്‌ടറെ അറിയിച്ച് ചികിത്സ ലഭ്യമാക്കണം.
രോഗം പ്രതിരോധിക്കാം
നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്‌ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും, ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക. കിണറുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ(ഹെപറ്റയിറ്റിസ് എ ) രോഗത്തെ തടയുന്നതിനും സഹായിക്കും.
നീന്തൽക്കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദേശങ്ങൾ
- ആഴ്‌ചയിൽ ഒരിക്കൽ വെള്ളം പൂർണ്ണമായും ഒഴുക്കി കളയുക.
- സ്വിമ്മിംഗ് പൂളിൻ്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക.
- പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക.
- നീന്തൽക്കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക.
- പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്‌തതിന് ശേഷം മാത്രം ഉപയോഗിക്കുക.
- വെള്ളത്തിൻ്റെ അളവിനനുസരിച്ച് (അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡർ 1,000 ലിറ്റർ വെള്ളത്തിന് എന്ന അനുപാതത്തിൽ) ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിൻ ലെവൽ 0.5 പി പി എം മുതൽ 2 പി പി എം ആയി നിലനിർത്തുക.






