ധാക്ക: കൊല്‍ക്കത്തയില്‍ നടന്ന കാളിപൂജ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന് വധഭീഷണി. സമൂഹമാധ്യമങ്ങളിലുടെയാണ് താരത്തിന് നേരെ വധഭീഷണി ഉയര്‍ന്നത്. കടുത്ത എതിര്‍പ്പും ഉയര്‍ന്നു. ഇതോടെ താരം പരസ്യമായി മാപ്പ് ചോദിച്ചു.
നവംബര്‍ 12 നാണ് ഷാക്കിബ് കൊല്‍ക്കത്തയില്‍ നടന്ന കാളിപൂജ ഉദ്ഘാടനത്തില്‍ പങ്കെടുത്തത്.തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് താരത്തിനെതിരെ ഭീഷണിയുയര്‍ന്നത്. മുസ്ലീമായതില്‍ അഭിമാനിക്കുന്ന വ്യക്തി എന്ന നിലയില്‍, എന്റെ പ്രവൃത്തി ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ താരം പറഞ്ഞു.ഒത്തുകളിക്കുന്നതിന് വാതുവയ്‌പ്പുകാര്‍ സമീപിച്ച വിവരം അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഐസിസിയുടെ രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുകയാണ് താരം. വിലക്ക് കാലാവധി പൂര്‍ത്തിയാക്കി ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിവരവിന് ഒരുങ്ങവെയാണ് അടുത്ത വിവാദം.താരത്തിന് വധഭീഷണി ഉയര്‍ത്തിയതിന് ബഗാദേശില് ഒരു യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.