നിരവധി ഫസ്റ്റ് ക്ലാസ് സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും സർഫ്രാസ് ഖാൻ എന്ന പ്രതിഭാധനനായ ക്രിക്കറ്റർക്ക് മുന്നിൽ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറക്കാൻ വൈകിയിരുന്നു. ഏറെ കാത്തിരിപ്പിനൊടുവിൽ സർഫ്രാസ് ഖാൻ ഇന്ത്യൻ ടീമിലെത്തി. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ അർദ്ധസെഞ്ച്വറി നേടുകയും ചെയ്തു ഈ മുംബൈ താരം.
സർഫ്രാസ് എന്ന ക്രിക്കറ്ററുടെ നിഴലായി ഒരാളുണ്ടായിരുന്നു. അവഗണനകൾക്കിടയിലും കരുത്തേകി ഒപ്പം നിന്നയാൾ. അത് മറ്റാരുമായിരുന്നില്ല, സർഫ്രാസിന്‍റെ പിതാവ് നൗഷാദ് ഖാൻ തന്നെയായിരുന്നു. കരിയറിലെ ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയപ്പോൾ സർഫ്രാസിനെ പരിശീലിപ്പിച്ചത് അദ്ദേഹമായിരുന്നു.
ഇപ്പോഴിതാ, മകൻ ഇന്ത്യയ്ക്ക് കളിക്കുന്നതിന്‍റെ സന്തോഷത്തിൽ നിൽക്കുന്ന നൗഷാദ് ഖാനെ തേടി ഇരട്ടിമധുരമുള്ള ഒരു സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. മകനെ രാജ്യത്തിന് കളിക്കാൻ പ്രാപ്തനാക്കിയ പിതാവിന് മഹീന്ദ്ര ഥാർ വാഹനം സമ്മാനിമായി നൽകുമെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പ്രഖ്യാപിച്ചത്.