നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസക്കാലം മാത്രം അവശേഷിക്കവേ, കോൺഗ്രസ് ഏറെ പ്രതീക്ഷയർപ്പിക്കുന്ന കർണാടകയിൽ ജനക്ഷേമ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൂന്നേകാൽ മണിക്കൂറോളം നീണ്ടുനിന്ന സംസ്ഥാന ബജറ്റിൽ വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായുള്ള നീക്കിയിരുപ്പിൽ വൻ വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മൊത്തം 3.71 ലക്ഷം കോടി രൂപയുടെ ബജറ്റിൽ 1,20,373 കോടി രൂപയും സാമൂഹ്യക്ഷേമ പദ്ധതികൾക്കായാണ് സിദ്ധരാമയ്യ നീക്കിവെച്ചിരിക്കുന്നു എന്നത് ശ്രദ്ധേയം.2024-25 സാമ്പത്തിക വർഷക്കാലയളവിൽ ജനങ്ങളുടെ കൈകളിലേക്ക് വിവിധ പദ്ധതികളിലൂടെ 52,000 കോടി രൂപ വിതരണം ചെയ്യുമെന്ന് കർണാടക സർക്കാർ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വ്യക്തമാക്കുന്നു.
ശക്തി, ഗൃഹജ്യോതി, ഗൃഹലക്ഷ്മി, യുവനിധി, അന്നഭാഗ്യ എന്നിങ്ങനെ സർക്കാർ ഉറപ്പു നൽകിയിട്ടുള്ള അഞ്ച് ക്ഷേമ പദ്ധതികളിലൂടെയാണ് ഇത്രയും പണം ജനങ്ങളിലേക്ക് അടുത്ത സാമ്പത്തിക വർഷ കാലയളവിനിടെ എത്തിച്ചേരാൻ പോകുന്നതെന്ന് ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ഗൃഹലക്ഷ്മി പദ്ധതിയിൽ കുടുംബനാഥയായ വനിതയ്ക്ക് പ്രതിമാസം 2,000 രൂപ വീതമാണ് ലഭിക്കുക. ഇതിലൂടെ 11,726 കോടി രൂപയാണ് ഗുണഭോക്താക്കളിലേക്ക് നേരിട്ട് എത്തിച്ചേരുന്നത്. 2025 സാമ്പത്തിക വർഷ കാലയളവിൽ സ്ത്രീ സൗഹൃദ പദ്ധതികൾക്കുവേണ്ടി മൊത്തം 86,423 കോടിയാണ് ഇത്തവണത്തെ കർണാടക സർക്കാരിന്റെ ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്.
ശരാശരി 50,000 രൂപ മുതൽ 55,000 രൂപ വരെ അർഹരായ ഒരു കുടുംബത്തിലേക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ എല്ലാ വർഷവും ലഭിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.