റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവയ്ക്കാൻ തീരുമാനം. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം ഭാഗികമായി തടസ്സപ്പെടുന്ന ഒരു സാഹചര്യത്തിലാണ് നടപടിയെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ പറഞ്ഞു.
കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ് കേരളത്തിൽ മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ് ആരംഭിച്ചത്. ഇ-കെവൈസി (e-KYC) അപ്‌ഡേഷനിൽ നിന്ന് സംസ്ഥാനത്തിന് മാറി നിൽക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ ഈ മാസം 15, 16, 17 തിയതികളിൽ സംസ്ഥാനത്ത് റേഷൻകടകൾ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകൾ, അംഗനവാടികൾ, സാസ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതു ഇടത്തിൽ വച്ച് ഇ-കെവൈസി അപ്‌ഡേഷൻ മാത്രമായി നടത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.