കൽപ്പറ്റ: വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ടൗണിൽ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗ്സ്ഥരെ നാട്ടുകാർ തടഞ്ഞു. വാഹനത്തിന്റെ റൂഫ് വലിച്ച് കീറുകയും അതിന് മുകളിൽ റീത്ത് വെയ്ക്കുകയും ചെയ്തു. ജീപ്പിന്റെ കാറ്റ് അഴിച്ച് വിടുകയും ചെയ്തു.
ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചെങ്കിൽ മാത്രമെ മൃതദേഹം നഗരത്തിൽ നിന്ന് വീട്ടിലേക്ക് മാറ്റു എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ, ജോലി, കടം എഴുതി തള്ളണം എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. പ്രതിഷേധങ്ങൾക്കും തുടർ നടപടികൾക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു.
പുൽപ്പള്ളി പഞ്ചായത്തിന് മുന്നിലും പ്രതിഷേധമുണ്ടായി. ചർച്ചയല്ല ആവശ്യം പരിഹാരമാണ് ഇനി വേണ്ടത് എന്നാണ് നാട്ടുകാരുടെ ആവശ്യം. രാവിലെ 9. 40 ഓടെയാണ് പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചത്. സംസ്കാരം വൈകീട്ട് 3 മണിക്ക് നടക്കും. വന്യ ജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമായതോടെ ഉന്നതതല യോഗം ചേരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി വയനാട്ടിലെ വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
ഇതനുസരിച്ച് റവന്യൂ വകുപ്പ്, വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20 ന് രാവിലെ വയനാട്ടിൽ ഉന്നതതല യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജന പ്രതിനിധികളടക്കം ഉള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അതേ സമയം, ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ജില്ലയിൽ ഹർത്താൽ നടന്നുകാെണ്ടിരിക്കുകയാണ്. ജില്ലാ കവാടമായ ലക്കിടി. മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. കെ എസ് ആർ ടി സി ബസ്സുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. വന്യ മൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താൽ.