ഉയർന്ന ചെലവിന്റെ പേരില്‍ ആർക്കും ചികിത്സ മുടങ്ങരുതെന്ന സർക്കാർ നിലപാട് മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് സൗജന്യവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കുന്നതിന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അപൂർവ ചികിത്സാ പദ്ധതിയായ ‘കെയർ’ പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും 37 ഐസൊലേഷൻ വാർഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചികിത്സയും മരുന്നും ഒരുക്കുന്നതുപോലെ പ്രധാനമാണ് രോഗപ്രതിരോധത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതും. പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഐസൊലേഷൻ വാർഡുകള്‍.
ജില്ലയിലെ 6 ആരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
ആധുനിക മെഡിക്കല്‍ സൗകര്യത്തോടുകൂടിയ 10 കിടക്കകളുള്ള ഐസലേഷൻ വാർഡുകളാണ് ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ കോവിഡ് കാലത്ത് ഒരുക്കിയ ഐസലേഷൻ വാർഡുകളുടെ മാതൃകയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. അപൂർവ രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ നിർണായകമായ ചുവടുവെപ്പാണ് കെയർ. അപൂർവ രോഗങ്ങളെ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്തുന്നതിനും, ചികിത്സ, തെറാപ്പികള്‍, സാങ്കേതിക സഹായ ഉപകരണങ്ങള്‍ ഇവയെല്ലാം ലഭ്യമാക്കാനും ഗൃഹ കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പുവരുത്താനും മാതാപിതാക്കള്‍ക്കുള്ള മാനസിക സാമൂഹിക പിന്തുണ ഉറപ്പുവരുത്താനും ഉതകുന്ന സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കെയർ പ്രഖ്യാപിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തൃശൂർ മാനസിക ആരോഗ്യ കേന്ദ്രം, മതിലകം ബ്ലോക്ക് പഞ്ചായത്ത് പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രം, കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രം, കൊടകര ബ്ലോക്ക് പഞ്ചായത്ത് പുതുക്കാട് താലൂക്ക് ആശുപത്രി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പുത്തൻചിറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ചാലക്കുടി മുൻസിപ്പാലിറ്റി ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഐസൊലേഷൻ വാർഡുകള്‍ തുറന്നത്. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി.
തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പ്രാദേശിക ഉദ്ഘാടനം എച്ച്‌ഡിഎസ് മെമ്ബർ സി ആർ റോസ്ലി നിർവഹിച്ചു. സൂപ്രണ്ട് ഡോ. കെ ആർ ബേബി ലക്ഷ്മി, ഡിഎംഒ പ്രതിനിധി സന്തോഷ്, നഴ്സിംഗ് സൂപ്രണ്ട് വിജയ, എച്ച് ഡി എസ് മെമ്ബർമാർ, മറ്റു വിഭാഗം ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന പ്രാദേശിക ഉദ്ഘാടനം കെ അക്ബർ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു നിർവഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ഗ്രീഷ്മ സനോജ്, സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സുമതി ജയരാജ്, ഹെല്‍ത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, മെഡിക്കല്‍ ഓഫീസർ ഡോ. എ എം മർസൂക്, ജനപ്രതിനിധികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പുത്തൻചിറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. വി ആർ സുനില്‍കുമാർ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ഡെപ്യൂട്ടി ഡിഎംഒ ഷീജ എൻ എ, മെഡിക്കല്‍ ഓഫീസർ ജെ ജെ ജീന, ജനപ്രതിനിധികള്‍, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.