തിരുവനന്തപുരം: ജമ്മു കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.
പാലക്കാട് ചിറ്റൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം ആറായി. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വൈകാതെ മൃതദേഹം നാട്ടിലെത്തിക്കും.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ സോജില ചുരത്തില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ മനോജ് കശ്മീരിലെ എസ്.കെ.ഐ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനില്‍ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുല്‍ (28), ശിവന്റെ മകൻ വിഗ് നേഷ് (23) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. എസ്.യു.വിയുടെ ഡ്രൈവറും ശ്രീനഗറുകാരനുമായ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാള്‍. പരിക്കേറ്റ രജീഷ്, അരുണ്‍ എന്നിവര്‍ നിലവില്‍ ചികിത്സയിലാണ്.
സോനമാര്‍ഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. മഞ്ഞുകട്ടകള്‍ വീണ്കിടക്കുന്ന റോഡില്‍ നിന്ന് വഴുതിയാണ് വാഹനം ചുരത്തിലെ യാദവ് മോറിലെ കൊക്കയിലേക്ക് പതിച്ചത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂര്‍ണമായി തകര്‍ന്നിരുന്നു.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3528 മീറ്റര്‍ (11649 അടി) ഉയരമുള്ള സോജില ചുരം ശ്രീനഗറില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ്. മാതാ വൈഷ്ണോദേവിയുടെ ഗുഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.