കാര്‍ പുഴയിലേക്ക് വീണ് മലയാളി നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയില്‍ ശ്രീനാഥ് (36), ഭാര്യ കോട്ടയം കുരോപ്പട മൂങ്ങാക്കുഴിയില്‍ സന്തോഷ് ഭവനില്‍ എസ്. ആരതി (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കോയമ്പത്തൂര്‍ – ചിദംബരം ദേശീയപാതയില്‍ തിരിച്ചിറപ്പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം ഉണ്ടായത്.
ചെന്നൈയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് കൊള്ളിടം പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് അപകടത്തില്‍പ്പെട്ടത്. 50 അടിയോളം താഴ്ചയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. പുഴയില്‍ വെള്ളമില്ലാത്ത ഭാഗത്തേക്കുവീണ കാര്‍ പൂര്‍ണമായും തകര്‍ന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്.
ഒക്ടോബര്‍ 18 ന് ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയില്‍ എല്‍ ആന്‍ഡ് ഡി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്. ആരതി വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. കൂരോപ്പടയില്‍നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് ശ്രീനാഥും ഭാര്യയും ചെന്നൈയിലെ ജോലിസ്ഥലത്തേക്ക് കാറില്‍ പുറപ്പെട്ടത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.