ന്യൂഡല്‍ഹി: എഴുപത്തിയാറുകാരനായ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിച്ചപ്പോള്‍തന്നെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെറ്റി ചുളിച്ചിരുന്നു. പക്ഷേ ഹൈക്കമാന്‍റ് തീരുമാനം എന്ന നിലയില്‍ അതംഗീകരിച്ചു.
മുല്ലപ്പള്ളിക്ക് അഞ്ച് ശതമാനം ഇടപെടല്‍ പോലും ഇല്ലാതിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം, ശബരിമല വിഷയം, മികച്ച സ്ഥാനാര്‍ഥി നിര്‍ണയം എന്നീ ഘടകങ്ങള്‍ അനുകൂലമായപ്പോള്‍ 20 -ല്‍ 19 സീറ്റും നേടി വിജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയുടെ മുഴുവന്‍ കേന്ദ്രീകരണവും വയനാട്ടിലായിരുന്നു. അതൊരു കുറവായി മാറാതെ മറ്റ് ഘടകങ്ങള്‍കൊണ്ട് മുന്നണി മികച്ച വിജയംനേടി.കെപിസിസി അന്നത്തെ അതേ നിഷ്ക്രിയത്വം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്തും മയക്കുമരുന്നുകേസുമൊക്കെ ഉള്ളതിനാല്‍ ലോക്സഭ പോലെ അങ്ങ് കടന്നുകൂടുമെന്ന് നേതാക്കള്‍ കരുതിയെങ്കിലും അമ്ബേ പരാജയപ്പെട്ടു. ആ പരാജയത്തിന്‍റെ ഉത്തരവാദിത്വവും പ്രത്യാഘാതവും നേതൃത്വം ഏറ്റെടുക്കണമെന്നതായിരുന്നു ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാന്‍റിന് ആയിരത്തിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
പക്ഷേ ഹൈക്കമാന്‍റ് വാശിയിലാണ്. എന്തുവന്നാലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് നേതൃമാറ്റം സാധ്യമല്ലെന്ന നിലപാടിലാണ് സോണിയ ഗാന്ധി. അതായത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടി നാണംകെട്ട പരാജയം ഏറ്റുവാങ്ങിയാലേ കേരളത്തില്‍ നേതൃമാറ്റം ഉണ്ടാകൂ എന്നാണ് സോണിയയുടെ നിലപാടെന്ന് കരുതേണ്ടിവരും.
പാര്‍ട്ടിക്കുംവേണ്ടാ, നേതാക്കള്‍ക്കുംവേണ്ടാ, പ്രവര്‍ത്തകര്‍ക്കും വേണ്ട ? എന്നാലും ഹൈക്കമാന്‍റിനു മുല്ലപ്പള്ളിയേയും എംഎം ഹസ്സനേയും വേണം. അഥവാ മുല്ലപ്പള്ളിയെ മാറ്റിയാല്‍ തെന്നല ബാലകൃഷ്ണപിള്ളയേയോ സിവി പദ്മരാജനെയോ പകരം ചുമതല ഏല്‍പ്പിക്കണമെന്നായിരുന്നു മുമ്ബ് ഹൈക്കമാന്‍റ് നിലപാട്. കാശ്മീര്‍ മുതല്‍ തമിഴ്‌നാട് വരെ കോണ്‍ഗ്രസിനെ ഇന്നത്തെ പരുവത്തിലാക്കിയതില്‍ ഹൈക്കമാന്‍റ് നിലപാട് ചെറുതല്ല.
ഏറ്റവും മികച്ച ഉദാഹരണം പഴയ ആന്ധ്രാപ്രദേശാണ്. അവിടെ ജഗന്‍മോഹന്‍ റെഡ്ഡി താരമായി നില്‍ക്കുമ്ബോഴായിരുന്നു ജഗനെ പുറത്താക്കി കെ റോസയ്യയെ മുഖ്യമന്ത്രിയാക്കിയത്. മുഖ്യമന്ത്രി പദം തീര്‍ന്നപ്പോള്‍ റോസയ്യ പൊടിയുംതട്ടി പാര്‍ട്ടിവിട്ടു. ഇപ്പോള്‍ ജഗന്‍റെ മുന്നണിയില്‍ എങ്ങനെയെങ്കിലും കയറിക്കൂടാന്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ പിന്നാമ്ബുറത്തുകൂടി നടക്കുകയാണ് ഹൈക്കമാന്‍റ് പ്രതിനിധികള്‍.
ഇതേ അവസ്ഥ ഇനി കേരളത്തിലും ഉണ്ടാകണമെന്ന വാശിയിലാണ് ഹൈക്കമാന്‍റ് എന്ന് തോന്നിപ്പോകും. അടുത്ത തവണകൂടി ഭരണം കിട്ടിയില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഒരു പകുതി അടുത്ത വര്‍ഷം ബിജെപിയിലിരിക്കും. യുഡിഎഫില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളൊന്നും ബാക്കിയുണ്ടാകില്ല. അതുവരെ എത്തിയിട്ട് നേതൃമാറ്റം ആകാം എന്നാണ് സോണിയ ഗാന്ധിയുടെ നിലപാടത്രെ.