കണക്കുകൂട്ടലുകൾ തെറ്റി ആർ എസ് എസ് : കെ സുരേന്ദ്രനെതിരെ അതൃപ്തി

0
76

തിരുവനന്തപുരം: കേരളത്തില്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടകള്‍ പത്ത് ലക്ഷത്തോളം പുതിയ വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട് എന്നാണ് അവരുടെ തന്നെ അവകാശവാദം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രകടമായില്ല എന്നതാണ് ആര്‍എസ്‌എസിനെ ചൊടിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ 14 ഗ്രാമപ്പഞ്ചായത്തുകളില്‍ ബിജെപി ഭരിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്ത് വിടുന്ന വിവരം പ്രകാരം ബിജെപി മുന്നണിയ്ക്ക് ഭരണമുള്ള രണ്ടേ രണ്ട് പഞ്ചായത്തുകളേയുള്ളു. 2015 നേക്കാള്‍ ഇത്രയും പരിതാപകരമായ അവസ്ഥയിലേക്ക് പാര്‍ട്ടിയെ നയിച്ചത് വിഭാഗീയ പ്രശ്‌നങ്ങള്‍ ആണെന്നാണ് ആര്‍എസ്‌എസിന്റേയും നിഗമനം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തി തെളിയിക്കുക എന്നതായിരുന്നു ആര്‍എസ്‌എസിന്റെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിനെ ഒരു സെമിഫൈനല്‍ ആയിട്ടാണ് കണക്കാക്കിയിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വ്യാപകമായി പുതിയ ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പത്ത് ലക്ഷത്തോളം പുതിയ വോട്ടര്‍മാരെ ചേര്‍ത്തു എന്ന് പറഞ്ഞാല്‍ അതി നിസ്സാര കാര്യമല്ല.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 31 ലക്ഷത്തില്‍ പരം വോട്ടുകളായിരുന്നു എന്‍ഡിഎ മുന്നണി നേടിയത്. ഇത്തവണ അത് നാല്‍പത് ലക്ഷത്തിന് പുറത്ത് കടക്കും എന്നായിരുന്നു ആര്‍എസ്‌എസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 35.75 ലക്ഷം വോട്ടുകള്‍ മാത്രമാണ് ഇത്തവണ മുന്നണിയ്ക്ക് സമാഹരിക്കാന്‍ ആയത്. സംഘപരിവാര്‍ ചേര്‍ത്ത പത്ത് ലക്ഷ വോട്ടുകള്‍ ഏത് വഴിയ്ക്ക് പോയി എന്ന സംശയവും ഇത് ഉയര്‍ത്തുന്നു.കേരളത്തിലെ ബിജെപിയ്ക്കുള്ളിലെ പ്രശ്‌നങ്ങൡ ആര്‍എസ്‌എസ് നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. എല്ലാവരേയും പരിണിച്ച്‌ മുന്നോട്ട് പോകണം എന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ആര്‍എസ്‌എസിനെ നാണം കെടുത്തുന്ന തിരഞ്ഞെടുപ്പ് ഫലം ആണ് പുറത്ത് വന്നത് എന്നാണ് ആക്ഷേപം.തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ആര്‍എസ്‌എസ് യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത് എന്ന് ശോഭ സുരേന്ദ്രന്‍ പക്ഷത്തെ പ്രമുഖര്‍ പറയുന്നു. ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ കൂടി സമന്വയത്തില്‍ കൊണ്ടുപോകാന്‍ സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകണം എന്നതായിരുന്നത്രെ ആര്‍എസ്‌എസിന്റെ നിര്‍ദ്ദേശം.കെ സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനെ പോലെ അല്ല യുവമോര്‍ച്ച അധ്യക്ഷനെ പോലെ ആണ് പെരുമാറുന്നത് എന്ന ആക്ഷേപവും ചില ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പക്വതയില്ലായ്മയും വ്യക്തി വൈരാഗ്യവും ആണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് എന്നാണ് ഇവരുടെ വിലയിരുത്തല്‍.കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി നടത്തിയ പുന:സംഘടനയ്ക്ക് ശേഷം ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ല. നിര്‍ണായകമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശോഭയുടെ സാന്നിധ്യം ഇല്ലാതിരുന്നത് ബിജെപിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇതും പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയാണ്.തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അമ്ബത് ശതമാനം വനിത സംവരണം ആണ്. സ്ഥാനാര്‍ത്ഥികളില്‍ പകുതിയും വനിതകള്‍ എന്നര്‍ത്ഥം. എന്നിട്ടും ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ പ്രധാനപ്പെട്ട വനിത നേതാക്കള്‍ ആരും ഉണ്ടായിരുന്നില്ല. ശോഭ സുരേന്ദ്രന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം കുറച്ച്‌ കൂടി മെച്ചമാകുമായിരുന്നു എന്ന വിലയിരുത്തല്‍ ആര്‍എസ്‌എസിനും ഉണ്ട് .ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കാണ് പൊതുവേ രാഷ്ട്രീയ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഇത്തവണ ഈ മേഖലകളിലും ബിജെപിയുടെ പ്രകടനം പരിതാപകരമാണ്. കഴിഞ്ഞ തവണ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ജയിച്ചെങ്കില്‍ ഇത്തവണ അത് രണ്ടായി കുറഞ്ഞു. ഒരു ബ്ലോക്ക് പഞ്ചായത്തില്‍ പോലും ഭരണം പിടിക്കാന്‍ ആയില്ല. ആകെ കിട്ടിയത് 2080 ല്‍ 37 ബ്ലോക്ക് ഡിവിഷനുകള്‍ മാത്രമാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒരു ചൂണ്ടുപലകയെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷകള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്ന് തന്നെയാണ് ആര്‍എസ്‌എസിന്റേയും വിലയിരുത്തലുകള്‍. ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിച്ച്‌ ഒത്തൊരുമയോടെ മുന്നോട്ട് പോയാല്‍ ഇനിയും മെച്ചപ്പെട്ട റിസള്‍ട്ട് ഉണ്ടാക്കാമെന്ന പ്രതീക്ഷ ആര്‍എസ്‌എസിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here