കൊച്ചി: കൊച്ചി: നഗരത്തിലെ ഷോപ്പിങ് മാളില്‍ യുവനടിയെ ആക്രമിച്ച കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളായ ആദില്‍, റംഷാദ് എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നടിയും കുടുംബവും പ്രതികള്‍ക്ക് മാപ്പ് നല്‍കിയെങ്കിലും കേസ് നടപടി അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളില്‍ വച്ച് യുവനടിയെ ഉപദ്രവിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. നടി പരാതിയില്ലെന്ന് പറഞ്ഞെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ നിയമനടപടികള്‍ തുടരും. സംഭവത്തില്‍ പൊലീസ് നടിയുടെ മൊഴിയെടുത്തു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് വിചാരണ കോടതിയില്‍ ജാമ്യം തേടാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.ഷോപ്പിങ് മാളില്‍ വെച്ച് തന്നെ അപമാനിച്ച പ്രതികളുടെ ക്ഷമാപണം അംഗീകരിക്കുന്നുവെന്ന് യുവനടി അറിയിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. തന്റെ പ്രശ്നത്തില്‍ ഉടനടി പ്രതികരിച്ച പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നതായും നടി പോസ്റ്റില്‍ വ്യക്തമാക്കി. മാപ്പ് പറയാന്‍ കാണിച്ച മനസിനെ അംഗീകരിക്കുന്നുവെന്നും പ്രതികളുടെ കുടുംബങ്ങളുടെ അവസ്ഥയും കണക്കിലെടുക്കുന്നുവെന്ന് നടി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മുഹമ്മദ് ആദിലും മുഹമ്മദ് റംഷാദും മനഃപൂര്‍വം നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാന്‍ തയാറാണെന്നും മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികളോട് ക്ഷമിക്കുന്നതായി നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.തങ്ങള്‍ ജോലി ആവശ്യത്തിനാണ് കൊച്ചിയില്‍ എത്തിയതാണെന്നും ഷോപ്പിംഗ് മാളില്‍ വച്ച് അബദ്ധത്തില്‍ കൈ തട്ടിയതാണെന്നും പ്രതികള്‍ മാധ്യമങ്ങള്‍ മുന്നില്‍ വന്ന് വിശദീകരിച്ചിരുന്നു. തുടര്‍ന്ന് നടിയോട് മാപ്പ് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം വന്നിരിക്കുന്നത്.
മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. അഭിഭാഷകനോടൊപ്പം കീഴടങ്ങാന്‍ ശ്രമിക്കവെ കളമശ്ശേരി കുസാറ്റിനടുത്ത് വച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദനമായ സംഭവം. നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി സോഷ്യല്‍ മീഡിയയിലൂടെയാണ് വെളിപ്പെടുത്തിയത്. അതിക്രമത്തെപ്പറ്റി നടി പരാതി നല്‍കിയിരുന്നില്ലെങ്കിലും അവരുടെയും അമ്മയുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കുടുംബത്തോടൊപ്പം മാളില്‍ ഷോപ്പിംഗ് നടത്തവേയാണ് തനിക്ക് ഈ അനുഭവം നേരിട്ടതെന്ന് നടി പറഞ്ഞിരുന്നു. അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും താരം കുറിച്ചു.
പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് ശനിയാഴ്ച പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിയുന്നവര്‍ കളമശേരി പൊലീസില്‍ അറിയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നടി എറണാകുളത്ത് തിരിച്ചെത്തിയാല്‍ ഉടന്‍ മൊഴിയെടുക്കാനാണ് കളമശേരി പൊലീസിന്റെ തീരുമാനം.