മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

0
72

കര്‍ണാടക:മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. യെദിയൂരപ്പ സര്‍ക്കാറിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെയുള്ള 61 കേസുകള്‍ പിന്‍വലിക്കുന്നതിനായി ആഗസ്റ്റ് 31ന് കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയിരുന്ന ഉത്തരവാണ് കോടതി സ്റ്റേ ചെയ്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ചീഫ് ജസ്റ്റിസ് അഭയ് എസ് കെ, ജസ്റ്റിസ് വിശ്വജിത് ഷെട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്റ്റേ പുറപ്പെടുവിച്ചത്. പീപ്പിള്‍ യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ നിയമമന്ത്രിയായ ജെ.സി മധുസ്വാമി, ടൂറിസം വകുപ്പ് മന്ത്രി സി.ടി രവി, കാര്‍ഷിക വകുപ്പ് മന്ത്രി ബി.സി പാട്ടീല്‍, ഹോസ്പേട്ട് എം.എല്‍.എ ആനന്ദ് സിംഗ് എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചതായി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇത് രാജ്യത്തെ നിയമവ്യവസ്ഥക്കെതിരായ നടപടിയാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

 

ആഗസ്റ്റ് 31ന് വന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ വ്യാപക എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളൊന്നും വകവെക്കാതെ ബി.ജെ.പി പ്രവര്‍ത്തകരായ നേതാക്കള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു. കൊലപാതകശ്രമം, കലാപമുണ്ടാക്കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ വരെ ഇത്തരത്തില്‍ ഒഴിവാക്കിയിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തിയിരുന്നു.

 

2020 ആഗസ്റ്റ് 31ന് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള ഒരു നടപടികളും സ്വീകരിക്കരുതെന്ന് കോടതി അറിയിച്ചു. സര്‍ക്കാരിന് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ജനുവരി 22നുള്ളില്‍ അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ച് അറിയിച്ചിട്ടുള്ളത്. ജനുവരി 29നാണ് അടുത്ത വാദം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here