കാസര്‍കോഡ്: ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപി പ്രതിനിധി ‘ജയ് ശ്രീറാം’ വിളിച്ചതും പിന്നാലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ‘അള്ളാഹു അക്ബര്‍’ വിളിച്ചതും സംഘര്‍ഷത്തിന് കാരണമായി. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍വാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവമുണ്ടായത്.
ബിജെപി പ്രതിനിധിയുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഇവിടേക്കെത്തിയ യൂത്ത് ലീഗുകാര്‍ ‘അള്ളാഹു അക്ബര്‍’ വിളിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. തുടര്‍ന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടിഎ മൂസ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നുശേഷം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വീണ്ടും ആരംഭിച്ചു.
വിഷയത്തില്‍ ലീഗ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരണാധികാരിക്ക് പരാതി നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് ശ്രീറാം’ വിളിച്ച നടപടി ഭരണഘടനയെ അപമാനിക്കുന്ന കാര്യമാണെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ലീഗ് പരാതിയില്‍ വ്യക്തമാക്കി.
മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ അടുക്കയില്‍ നിന്നും വിജയിച്ച ബിജെപി അംഗവും യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ കിഷോര്‍ കുമാര്‍ ബി ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ കിഷോര്‍ മൈക്കിലൂടെ ‘ജയ് ശ്രീറാം’ വിളിക്കുകയായിരുന്നു. കിഷോര്‍ കുമാറിന് ശേഷം എത്തിയ ബിജെപി അംഗങ്ങള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു..