2017-ന് ശേഷം ഇത്രയും വിലത്തകർച്ച ആദ്യമാണ്. ഒരു പച്ചത്തേങ്ങയ്ക്ക് നിലവിൽ കിട്ടുന്നത് ശരാശരി 8.60 രൂപയാണ്. നല്ല തേങ്ങയാണെങ്കിൽ 10.40 രൂപ. 2017 ജനുവരിയിൽ ശരാശരി 9.30 രൂപ കിട്ടിയിരുന്നു. പിന്നീട് ഇത് 20 രൂപവരെയായി. അഞ്ചുവർഷംകൊണ്ട് കൃഷിച്ചെലവ് 15 ശതമാനത്തോളം കൂടുകയും ചെയ്തു.
2017 ജനുവരിയിൽ കൊപ്രയ്ക്ക് ക്വിന്റലിന് 8100 രൂപയായിരുന്നു. ആ വർഷം ശരാശരി 9835 രൂപ കിട്ടി. 2018-ൽ 12,661 രൂപയും 2019-ൽ 10,402 രൂപയും 2020-ൽ 11,422 രൂപയും 2021-ൽ 12,000 രൂപയും ശരാശരി വില കിട്ടി. ഒരു ഘട്ടത്തിൽ 14,000 രൂപ വരെ കടന്നു. അതാണ് ഇപ്പോൾ 8600 രൂപയിൽ എത്തിനിൽക്കുന്നത്. സംസ്ഥാനത്ത് ചിലയിടങ്ങളിൽ 8000-8200 രൂപയാണ് വില.
കേരളത്തിൽ കൊപ്ര ഉത്പാദനം കുറവായതിനാൽ സംഭരണത്തിന്റെ ഗുണം കിട്ടില്ലെന്ന് നേരത്തേ ആശങ്ക ഉയർന്നിരുന്നു. ഇതേത്തുടർന്ന് കർഷകർ പച്ചത്തേങ്ങ കൊണ്ടുവന്നാലും വാങ്ങണമെന്നും ഈ തേങ്ങ കൊപ്രയാക്കി സംഭരിക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ എവിടെയും ഈ സൗകര്യം ഏർപ്പെടുത്തിയില്ല. നാഫെഡിന്റെ കണക്കിൽ നിലവിൽ കേരളത്തിൽ കൊപ്ര സംഭരിക്കാൻ രംഗത്തുള്ളത് മൂന്നോ നാലോ സംഘങ്ങൾ മാത്രമാണ്.