പോലീസിന്റെ ജലപീരങ്കി ഉന്നംപിഴച്ചു. സുരക്ഷിത സ്ഥലംതേടി ദൂരെമാറിനിന്ന ലോട്ടറി വില്പനക്കാരി തെറിച്ചുവീണു.

0
58

കോട്ടയം: പോലീസിന്റെ ജലപീരങ്കി ഉന്നംപിഴച്ചു. സുരക്ഷിത സ്ഥലംതേടി ദൂരെമാറിനിന്ന ലോട്ടറി വില്പനക്കാരി തെറിച്ചുവീണു. വ്യാഴാഴ്ച യുവമോർച്ച പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് നേരിടുന്നതിനിടെയാണ് പോലീസിന്റെ ജലപീരങ്കി ഉന്നംപിഴച്ചത്.

കോട്ടയം കാരാപ്പുഴ ജയനിവാസിൽ ശിവമണിയുടെ ഭാര്യ വള്ളിയമ്മാൾക്കാണ് (50) പരിക്കേറ്റത്.

പ്രതിഷേധക്കാർ കളക്ടറേറ്റ് കവാടത്തിനുമുന്നിലെത്തിയപ്പോൾ വഴിക്ക് എതിർവശത്തെ കെട്ടിടത്തിന്റെ വശത്ത് സുരക്ഷിത സ്ഥാനത്ത് നിൽക്കുകയായിരുന്നു വള്ളിയമ്മാൾ.

പോലീസ് ജലപീരങ്കി പ്രവർത്തിപ്പിച്ചതോടെ ഇതിന്റെ നോസിൽ തെന്നിമാറി ഇവരുടെ ശരീരത്ത് വെള്ളം തെറിച്ചുവീഴുകയായിരുന്നു.

ശക്തമായി വെള്ളപ്പാച്ചിലിൽ തെറിച്ചുവീണ ഇവരെ പോലീസ് ഉടൻ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തലയ്ക്ക് പിന്നിൽ പൊട്ടലുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജലപീരങ്കി പ്രവർത്തകർക്കുനേരേ തിരിക്കുന്നതിനിടെ നിയന്ത്രണ സംവിധാനത്തിലുണ്ടായ തകരാറുമൂലം വെള്ളംചീറ്റുന്ന നോസിൽ തൊട്ടടുത്ത പോയിന്റിലേക്ക് തെന്നിമാറുകയായിരുന്നു. 360 ഡിഗ്രിയിൽ പൂർണമായും തിരിക്കാവുന്നതാണ് ടാങ്കർ വാഹനത്തിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള നോസിലുകൾ. 150 മീറ്ററിലേറെ ദൂരത്തിൽ ശക്തമായി വെള്ളം ചീറ്റിക്കാൻ ഇതിന് കഴിയും. പീരങ്കി പ്രവർത്തിപ്പിക്കുന്നതിനിടെ പലപ്പോഴും ഇത്തരത്തിൽ തകരാറ് സംഭവിക്കാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here