ന്യൂഡൽഹി: ഇന്ത്യയിലെ പെട്ടെന്നുള്ള കോവിഡ് വർധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ. കേസുകൾ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാൻ സാധ്യതയില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖപ്പെടുന്നുണ്ട്. ആർക്കും കൂടുതൽ ചികിത്സ വേണ്ടിവരുന്നില്ല. രോഗികൾ സങ്കീർണ അവസ്ഥയിലേക്ക് പോകുന്ന സ്ഥിതി ഇപ്പോഴില്ലെന്നും മുംബൈ ഗ്ലോബൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൽട്ടന്റായ മഞ്ജുഷ അഗർവാൾ പറയുന്നു.
രോഗതീവ്രത കുറഞ്ഞതിനു പിന്നിൽ വാക്സിനേഷനാണ് കാരണമെന്നും അവർ പറഞ്ഞു. ജനുവരിയിലെ തരംഗത്തെ അപേക്ഷിച്ച് ഇത് ചെറിയ തോതിലുള്ള തരംഗമാണ്. അല്ലെങ്കിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മൃദുതരംഗമാണ് ഇപ്പോഴത്തേത് എന്നും അവർ പറഞ്ഞു.
പുതിയ കോവിഡ് കേസുകൾ ഒമിക്രോൺ വകഭേദമായ BA.2വിന്റേത് ആകാമെന്ന് ഗുരുഗ്രാമിലെ മെദാന്ത ഹോസ്പിറ്റൽ ഇന്റേർണൽ മെഡിസിൻ വിഭാഗം സീനിയർ ഡയറക്ടർ സുഷില കടാരിയ പറഞ്ഞു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഒമിക്രോണിന്റെ BA 4, BA 5 വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. ആളുകൾ വീട്ടിലെ ചികിത്സയിൽ തന്നെ സുഖംപ്രാപിക്കുന്നുണ്ട് എന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മുൻകരുതലുകൾ മുമ്പത്തെപ്പോലെ പാലിക്കേണ്ടതുണ്ടെന്നും മാസ്കും സാമൂഹിക അകലവും പോലെയുള്ള കർശനമായി പാലിച്ചാൽ രോഗം പിടിപെടാതെ കാക്കാമെന്നും ഡോക്ടർമാർ പറയുന്നു. സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധിതമാക്കുന്നില്ല എങ്കിലും അത് പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.