മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ
15 റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് നേടിയ ആര്‍ അശ്വിനുമാണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്.
ഒബെഡ് മക്കോയി, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ജോസ് ബട്ലര്‍ (116), ദേവ്ദത്ത് പടിക്കല്‍ (54), സഞ്ജു സാംസണ്‍ (46*) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദും മുസ്തഫിസുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് രാജസ്ഥാനെ ബാറ്റിങ്ങിനയച്ചപ്പോള്‍ ഇത്തരമൊരു തിരിച്ചടി സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല. മിന്നും ഫോമിലുള്ള ജോസ് ബട്ലറിനൊപ്പം ദേവ്ദത്ത് പടിക്കലും താളം കണ്ടെത്തിയതോടെ ഡല്‍ഹി ബൗളര്‍മാര്‍ വെള്ളം കുടിച്ചു. തലങ്ങും വിലങ്ങും ബൗണ്ടറികളും സിക്സുകളും പാഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഡല്‍ഹി ബൗളര്‍മാര്‍. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ന്നു. 16ാം ഓവറിന്റെ ആദ്യ പന്തില്‍ ദേവ്ദത്ത് പടിക്കലിനെ ഖലീല്‍ അഹമ്മദ് എല്‍ബിയില്‍ കുടുക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 35 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 54 റണ്‍സുമായി ദേവ്ദത്ത് പുറത്താവുമ്പോള്‍ 155 എന്ന മികച്ച സ്‌കോറിലേക്ക് രാജസ്ഥാന്‍ എത്തിയിരുന്നു. രാജസ്ഥാന്റെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 2020ല്‍ ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് നേടിയ 152* റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടിനെയാണ് ദേവ്ദത്തും ബട്ലറും ചേര്‍ന്ന് മറികടന്നത്. 2021ല്‍ ബട്ലറും സഞ്ജുവും ചേര്‍ന്ന് 150 റണ്‍സ് കൂട്ടുകെട്ടും സൃഷ്ടിച്ചിരുന്നു.
മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിനെ സാക്ഷിയാക്കി ബട്ലര്‍ സീസണിലെ തന്റെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കി. ഐപിഎല്ലില്‍ താരത്തിന്റെ നാലാം സെഞ്ച്വറിയാണിത്. ഇതോടെ ടൂര്‍ണമെന്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന വിദേശ ബാറ്റ്സ്മാന്‍മാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ബട്ലര്‍ക്കായി. ആറ് സെഞ്ച്വറിയുമായി ക്രിസ് ഗെയ്ല്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ ബട്ലര്‍ക്കൊപ്പം ഷെയ്ന്‍ വാട്സനും ഡേവിഡ് വാര്‍ണറും നാല് സെഞ്ച്വറി വീതം നേടിയിട്ടുണ്ട്. രാജസ്ഥാനായി കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാവാനും ബട്ലര്‍ക്കായി.
ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ബട്ലര്‍ക്കായി. 2016ല്‍ നാല് സെഞ്ച്വറി നേടിയ വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇതേ ഫോം തുടര്‍ന്നാല്‍ ഈ റെക്കോഡില്‍ ബട്ലര്‍ കോലിക്കൊപ്പമെത്താന്‍ സാധ്യതകളേറെയാണ്. ഇതിനോടകം 450 റണ്‍സ് പിന്നിട്ട ബട്ലര്‍ കോലിയുടെ പേരിലുള്ള ഒരു സീസണിലെ കൂടുതല്‍ റണ്‍സെന്ന റെക്കോഡും തിരുത്തിയേക്കും.
രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും താളം കണ്ടെത്തിയതോടെ അതിവേഗം സ്‌കോര്‍ ഉയര്‍ന്നു. 18ാം ഓവറിന്റെ അവസാന പന്തില്‍ സഞ്ജു സാംസണിന്റെ അനായാസ റിട്ടേണ്‍ ക്യാച്ച് ലഭിച്ചെങ്കിലും ഖലീല്‍ അഹമ്മദ് പാഴാക്കി. 19ാം ഓവറിന്റെ അവസാന പന്തില്‍ മുസ്തഫിസുര്‍ റഫ്മാന്റെ പന്തില്‍ ബട്ലര്‍ പുറത്താവുമ്പോള്‍ രണ്ട് വിക്കറ്റിന് 202 എന്ന മികച്ച നിലയിലേക്ക് രാജസ്ഥാന്‍ എത്തിയിരുന്നു. 65 പന്തില്‍ 9 വീതം ഫോറും സിക്സും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ഇന്നിങ്സായിരുന്നു അത്. അവസരത്തിനൊത്ത് ആളിക്കത്തിയ സഞ്ജു 19 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 46 റണ്‍സുമായി പുറത്താവാതെ നിന്നു. 242.10 സ്ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. ഷിംറോന്‍ ഹെറ്റ്മെയര്‍ (1) പുറത്താവാതെ നിന്നു.
മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. സ്‌കോര്‍ബോര്‍ഡ് 43ല്‍ നില്‍ക്കവെ ഡേവിഡ് വാര്‍ണറെ (28) നഷ്ടമായി. 14 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും പറത്തിയ വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് മടക്കിയത്. മൂന്നാമനായി എത്തിയ സര്‍ഫറാസ് ഖാനെ (1) നിലയുറപ്പിക്കും മുമ്പെ അശ്വിന്‍ മടക്കി അയച്ചു. അപകടകാരിയായ പൃഥ്വി ഷായെ (37) അശ്വിന്‍ ട്രന്റ് ബോള്‍ട്ടിന്റെ കൈയിലെത്തിച്ചത് മത്സരത്തില്‍ നിര്‍ണ്ണായകമായി. അഞ്ച് ഫോറും ഒരു സിക്സുമാണ് പൃഥ്വി നേടിയത്.
രുവശത്ത് തല്ലിത്തകര്‍ത്ത റിഷഭ് പന്ത് 43 റണ്‍സില്‍ നില്‍ക്കെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ യുസ് വേന്ദ്ര ചഹാലിന്റെ പിഴവില്‍ ഒരു ലൈഫ് കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഇതേ ഓവറില്‍ ദേവ്ദത്ത് പടിക്കലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് റിഷഭ് പുറത്തായത്. മത്സരത്തില്‍ ഡല്‍ഹിയുടെ നട്ടെല്ലായ വിക്കറ്റാണ് റിഷഭിന്റേത്. അതുകൊണ്ട് തന്നെ ഈ വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധിന്റെ മികവിന് കൈയടി അര്‍ഹിക്കുന്നു.
അക്ഷര്‍ പട്ടേലിനെ (1) ചഹാലും ശര്‍ദുല്‍ ഠാക്കൂര്‍ (10) റണ്ണൗട്ടായതും ഡല്‍ഹിക്ക് തിരിച്ചടിയായി. 19ാം ഓവര്‍ എറിയാനെത്തിയ പ്രസിദ്ധ് മെയ്ഡന്‍ ഓവര്‍ ആക്കുകയും ലളിത് യാദവിന്റെ (37) വിക്കറ്റ് നേടുകയും ചെയ്തത് നിര്‍ണ്ണായകമായി. റോവ്മാന്‍ പവല്‍ (15 പന്തില്‍ 36) ഞെട്ടിച്ചെങ്കിലും അവസാന ഓവറില്‍ 36 റണ്‍സെന്ന വിജയലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. പ്ലേയിങ് 11: രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, കരുണ്‍ നായര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ഒബീഡ് മക്കോയ്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍. ഡല്‍ഹി ക്യാപിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഖലീല്‍ അഹമ്മദ്.