പാലക്കാട്/ ചളവറ : പാലക്കാട്ജില്ലയിലെ ചളവറയിൽ നടക്കുന്ന മഹാകുബേര യാഗം ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് ആയില്യപൂജ , ഗജപൂജ, ഗജ ഊട്ട് , അഷ്ട ലക്ഷ്മീപൂജ, അന്ന പൂജ, ശ്രീചക്രപൂജ , വൈശാധിപ ഹോമം, ദീപാരാധന, ഗംഗാ ആരതി, മഹാഭഗവതി സേവ എന്നീ വിശേഷാൽ പൂജകളും ഹോമങ്ങളും നടക്കും. രാത്രി 9 മണിക്ക് മഹാ ഗുരുതിയോടെ പൂജകളും ഹോമങ്ങളും അവസാനിക്കും. കൂടാതെ സംപൂജ്യ നടുവിൽ മഠം അച്യുത ഭാരതി സ്വാമികളുടെ പ്രഭാഷണം, ധ്വജാവരോഹണം, ശ്രീമതി സുചിത്രാ വിശ്വേശ്വരന്റെ നൃത്തസന്ധ്യ എന്നിവ ഉണ്ടായിരിക്കും.
ഏപ്രിൽ 17 ന് തുടങ്ങി ഒരാഴ്ച നീണ്ടു നിന്ന മഹാകുബേരയാഗത്തിന് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഏഴു നൂറ്റാണ്ടുകൾക്കു ശേഷം നടക്കുന്ന മഹാ കുബേരയാഗം എന്ന പ്രത്യേകതയോടൊപ്പം കേരളത്തിലെ ഏക കുബേര ക്ഷേത്ര ദർശനത്തിനും കൂടിയായിട്ടാണ് ഒട്ടേറെപ്പേർ യാഗഭൂമിയിലേക്ക് എത്തിച്ചേരുന്നത്. ചരിത്രത്തിൽ ആദ്യമായി ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ തന്ത്രിമാർ , പൂജാരിമാർ ഇവിടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയും യാഗത്തിന് മാറ്റുകൂട്ടുന്നുണ്ട്.
വിത്ത കാമോ യജേത എന്ന സങ്കൽപ്പത്തിൽ ഒരു വ്യക്തിയുടേയും, കുടുംബത്തിന്റേയും, ദേശത്തിന്റേയും, രാജ്യത്തിന്റേയും സാമൂഹിക സാമ്പത്തിക ഉന്നതിയെ ലക്ഷ്യം വെക്കുന്നതാണ് മഹാകുബേരയാഗം. യാഗത്തിൽ പങ്കെടുക്കുന്നവർക്ക് അവരുടെ ജീവിതത്തിൽ ആവശ്യമായ എല്ലാ വസ്തുക്കളും , ഐശ്വര്യങ്ങളും ധാരാളം ലഭിക്കുവാനുള്ള അനുഗ്രഹം ശ്രീമഹാ കുബേര സ്വാമി നൽകും എന്നതാണ് ഈ യാഗത്തിന്റെ സങ്കൽപ്പം.
ഏപ്രിൽ 10 രാമനവമി ദിനം മുതൽ ഏപിൽ 23 വരെ ശ്രീമദ് രാമായണം, ശ്രീമന്നാരായണീയം, ശ്രീകുബേര ചരിതം തുടങ്ങിയ പാരായണങ്ങളും, പ്രഭാഷണങ്ങളും , സെമിനാറുകളും , വിവിധ ക്ഷേത്രകലകളുടെ അവതരണവും ഭക്തജനങ്ങൾക്ക് അനുഭൂതി ഉളവാക്കി. മഹാവേദി , ആഗമവേദി, നിഗമവേദി എന്നീ മൂന്നു വേദികളിലായാണ് മഹാകുബേരയാഗം സജ്ജമാക്കിയിരിക്കുന്നത്.
ഹോളിസ്റ്റിക്ക് ഹ്യുമൻ മെറ്റാഫിസിക്സ് സ്ഥാപകനായ ഡോക്ടർ ടി പി ജയകൃഷ്ണനാണ് യാഗത്തിന്റെ രക്ഷാപുരുഷൻ.