300 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു:

0
59

ജയ്പൂർ; രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംഭവത്തിൽ വിവാദം. ആൾവാറിലുള്ള ക്ഷേത്രവും 86 കടകളുമാണ് റോഡ് വികസനത്തിനായി പൊളിച്ച് നീക്കിയത്. ദില്ലിയിൽ ഉൾപ്പെടെ ‘ബുൾഡോസർ’ രഷ്ട്രീയം ചർച്ചയാകുന്നതിനിടെയാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ക്ഷേത്രം പൊളിച്ച് നീക്കിയത്.

നടപടിക്കെതിരെ ബി ജെ പി രംഗത്തെത്തി കഴിഞ്ഞു.    സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍     ബി ജെ പി അഞ്ചംഗ സമിതിയെ നിയോഗിച്ചു ‘സംഭവം വസ്തുതാപരമായി     അന്വേഷിക്കാൻ അഞ്ചംഗ കമ്മിറ്റിയെ ബി ജെ പി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി സംഭവ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും’, ബി ജെ പി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. പൊളിക്കൽ യഞ്ജത്തിന് ജില്ലാ ഭരണകുടത്തിന്റെ പിന്തുണ ഉണ്ടായെന്നും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് കയ്യൊഴിയാനാകില്ലെന്നും പൂനിയ കുറ്റപ്പെടുത്തി.

‘2013-ൽ മുനിസിപ്പൽ കൗൺസിൽ നിർദേശം നൽകുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരും ജില്ലാ ഭരണകൂടവും കൈയേറ്റങ്ങൾ തിരിച്ചറിഞ്ഞതിനാൽ അവർ അശ്രദ്ധ കാണിച്ചു. ഒരു ക്ഷേത്രം ഉൾപ്പെട്ടിരിക്കുന്നത് കാണുമ്പോൾ അധികൃതർ ശ്രദ്ധിക്കണമായിരുന്നു. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം’, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു. നോട്ടീസ് നൽകാതെയാണ് പ്രദേശത്തെ 85 ഓളം ഹിന്ദുക്കളുടെ വീടുകളും കടകളും സർക്കാർ തകർത്തതെന്ന് പൊളിക്കൽ വീഡിയോ പങ്കുവെച്ച് ബി ജെ പി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കരൗലിയിലും ജഹാംഗീർപുരിയിലും കണ്ണീർ പൊഴിക്കുകയും ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ മതേതരത്വമെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. അതേസമയം പൊളിച്ചുമാറ്റിയ സ്ഥലത്ത് “ഗൗരവ് പാത” എന്ന പേരിൽ ഒരു റോഡ് വാഗ്ദാനം ചെയ്തത് ബി ജെ പിയാണെന്നാണ് കോൺഗ്രസ് വിശദീകരണം. ബി ജെ പിയുടെ നിയന്ത്രണത്തിലുള്ള രാജ്ഗഡ് ടൗണിലെ മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൈയേറ്റങ്ങൾ നീക്കി റോഡ് നിർമിക്കാൻ പ്രമേയം പാസാക്കിയതാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. രാജ്ഗഡ് മുനിസിപ്പൽ കൗൺസിലിൽ 35 അംഗങ്ങളുണ്ട്. അതിൽ 34 പേരും ബി ജെ പി അംഗങ്ങളാണ്. രാജ്ഗഡ് പട്ടണത്തിലെ മുനിസിപ്പൽ കൗൺസിൽ പൂർണ്ണമായും ഭരിക്കുന്നത് ബി ജെ പിയാണെന്നും അതുകൊണ്ട് തന്നെ പൊളിക്കൽ നടപടിയുടെ ഉത്തരവാദിത്തം അവർക്കാണെന്നും കോൺഗ്രസ് ആരോപിച്ചു.

ഇത് മുനിസിപ്പൽ കൗൺസിലിന്റെ തിരുമാനമായിരുന്നു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. അവർ സർക്കാരിനോട് യാതൊരു നിർദ്ദേശവും തേടിയിരുന്നില്ല. ഞങ്ങൾ ഒരു നിർദ്ദേശവും നൽകിയിട്ടുമില്ല, രാജസ്ഥാൻ നഗരവികസന, ഭവന വകുപ്പ് മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു.വാസ്തവത്തിൽ, ഒരു ക്ഷേത്രം പൊളിച്ച് നീക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തമായിരുന്നു. എന്നാൽ ബി ജെ പി ഭരിക്കുന്ന മുനിസിപ്പൽ കൗൺസിൽ അത്തരമൊരു നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏപ്രിലിൽ മുനിസിപ്പൽ കൗൺസിൽ പ്രദേശത്തുള്ളവർക്ക് നോട്ടീസ് നൽകിയതായും റിപ്പോർട്ടുണ്ട്. ശിവക്ഷേത്രമുൾപ്പെടെ രണ്ട് ക്ഷേത്രങ്ങൾ പൊളിച്ച് നീക്കിയിട്ടുണ്ട്. പൊളിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെ പൂജാരിമാരോട് വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ക്ഷേത്രങ്ങൾ പൊളിച്ച് നീക്കാനുള്ള മുനിസിപ്പൽ കോർപറേഷൻ നടപടിയെ കോൺഗ്രസ് എം എൽ എ ജോഹാരി ലാൽ മീണ എതിർത്തതായി റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി SMACTA NEWS ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here