കോമണേഴ്സ് വിഭാഗത്തില്‍ നിന്നുമുള്ള രണ്ട് പേർ ഉള്‍പ്പെടെ 19 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് വീടിനുള്ളിലേക്ക് എത്തിയിരിക്കുന്നത്. സിനിമാ-സീരിയല്‍ വിഭാഗത്തില്‍ നിന്നും നിരവധി പേർ പട്ടികയിലുണ്ടെങ്കിലും അത്ര വലിയ സെലിബ്രിറ്റികളായി ആരും ഇല്ല. അതുകൊണ്ട് തന്നെ മികച്ച മത്സരവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.
ബിഗ് ബോസ് ഷോ എന്ന് പറയുമ്പോള്‍ പ്രേക്ഷകർ സ്വാഭാവികമായും മത്സരാർത്ഥികള്‍ തമ്മിലുള്ള വാഗ്വാദവും ഏറ്റുമുട്ടലും പ്രതീക്ഷിക്കും. സാധാരണ ഗതിയില്‍ ഷോ തുടങ്ങി, ആദ്യ ദിനങ്ങളില്‍ താരങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതാണ് കാണാറുള്ളത്. ഈ ദിവസങ്ങളില്‍ ഏറ്റുമുട്ടലുകള്‍ കുറവായിരിക്കും. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ രണ്ടാം ദിനം തന്നെ മത്സരാർത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയിരിക്കുകയാണ്.
സീസണിലെ ആദ്യ ക്യാപ്റ്റന്‍സി ടാസ്ക് നടക്കുന്നതിനിടയിലാണ് മത്സരാർത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇന്നലെ വൈകീട് ഹോട്സ്റ്റാറിലൂടെ പുറത്ത് വന്ന പ്രമോയിലാണ് ഇത് കാണിക്കുന്നത്. ആദ്യ ആഴ്ചയില്‍ തന്നെ ക്യാപ്റ്റന്‍ പട്ടം നേടാനുള്ള താരങ്ങളുടെ വാശിയേറിയ പോരാട്ടം തർക്കങ്ങളിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് പ്രമോ വ്യക്തമാക്കുന്നത്.
ജാസ്മിന്‍ ജാഫർ, രതീഷ്, റോക്കി അസി എന്നിവർ തമ്മിലാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിനിടെ ആരോ അണ്‍ഫെയർ ആയി പെരുമാറിയതാണ് തർക്കത്തിന് കാരണമായതെന്ന സൂചനയും പ്രമോ നല്‍കുന്നു. ജാസ്മിന്‍ ജഫറും രതീഷും ചേർന്ന് റോക്കിയെ ചോദ്യം ചെയ്യുന്നതും ഇതിന് റോക്കി മറുപടി നല്‍കുന്നതുമാണ് പ്രമോയിലുള്ളത്. നീ അടിക്കടാ.. തല്ല് എന്ന വാഗ്വാദങ്ങളും നമുക്ക് ഇതിനിടയില്‍ കാണാന്‍ സാധിക്കും. സാധ്യതാ പട്ടികയില്‍ ആദ്യം തന്നെ കേട്ടിരുന്ന പേരുകാരില്‍ ഒരാളായിരുന്നു ജാസ്മിന്‍ ജാഫർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് താരം. ടെലിവിഷൻ ഷോയും അവതരിപ്പിച്ചിട്ടുണ്ട്. അവതാരകൻ, ഗായകൻ എന്നീ നിലയിലൊക്കെ ശ്രദ്ധിക്കപ്പെട്ട ആളാണ് രതീഷ്. ജനപ്രിയ പരിപാടിയായിരുന്ന വാല്‍ക്കണ്ണാടിയുടെ അവതാരകനായിരുന്നു രതീഷ്.
സോഷ്യൽ മീഡിയയിൽ ഏഫെ സജീവമായ വ്യക്തിയാണ് അസി റോക്ക്. അസി , റോക്കി എന്നിങ്ങനെ രണ്ട് കഥാപാത്രമാണ് തനിക്കുള്ളത് എന്നാണ് അസി റോക്കി സ്വയം പറയുന്നത്. ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ എം ഡിയാണ്. കിക് ബോക്സിംഗ് ചാമ്പ്യൻ, റൈഡർ എന്നീ നിലകളിലും അറിയപ്പെടുന്നു. അൻസിബ, ജിന്റോ, യമുന റാണി, ഋഷി എസ് കുമാർ, സിജോ ടോക്സ്, ശരണ്യ ആനന്ദ്, ശ്രുതി കൃഷ്ണ, ജാന്മണി, ശ്രീരേഖ, അപ്സര, നോറ മുസ്കാന്‍, ഗബ്രി ജോസ്, അർജുന്‍ ശ്യാം, സുരേഷ് മേനോന്‍ എന്നിവർക്കൊപ്പം കോമണേഴ്സ് വിഭാഗത്തില്‍ നിന്നും ഫിസിക്കൽ എജുക്കേഷൻ ടീച്ചാറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിൻ ഭായി, ട്രാവലറായ നിഷാന എന്നിവരുമാണ് ഇത്തവണത്തെ ബിഗ് ബോസ് മത്സരാർത്ഥികള്‍