നിർദിഷ്ട മൈസൂരു-ബെംഗളൂരു 10 വരി അതിവേഗപാതയിൽ ടോൾ ഈടാക്കുന്നത് അടുത്തയാഴ്ച ആരംഭിച്ചേക്കും. നിലവിൽ, നിർമാണം പൂർത്തിയായ 56 കിലോ മീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് ടോൾ ഈടാക്കുക. കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് 135 രൂപയാണ് ഒരു വശത്തേക്ക് ഈടാക്കാൻ ഉദ്ദേശിക്കുന്ന ടോൾനിരക്കെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങൾ നൽകുന്ന വിവരം.
ബസുകൾക്ക് 460 രൂപയും മറ്റു വലിയവാഹനങ്ങൾക്ക് 750-900 രൂപയുമായിരിക്കും ടോൾ. ടോൾനിരക്ക് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രഖ്യാപനം വന്നാൽ മാത്രമേ അതിവേഗപാതയിൽ സഞ്ചരിക്കാൻ എത്ര പണം മുടക്കണമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
അതേസമയം, സ്ഥിരംയാത്രക്കാർക്ക് ദേശീയപാത അതോറിറ്റി പാസുകൾ അനുവദിക്കും. ഒരു മാസം 50 യാത്രകളാണ് പാസുപയോഗിച്ച് നടത്താൻ സാധിക്കുക. അതിവേഗപാതയിൽ ഇരുചക്രവാഹനങ്ങൾക്കും മൂന്നുചക്രവാഹനങ്ങൾക്കും പ്രവേശനമില്ലാത്തതിനാൽ ഇവയിൽനിന്ന് ടോൾ ഈടാക്കില്ല. പാതയിലെ സർവീസ് റോഡുകളിലൂടെയാണ് ഇവയ്ക്ക് സഞ്ചരിക്കാൻ അനുമതി. ഇരുവശത്തുമായി രണ്ടെണ്ണം വീതമുള്ള സർവീസ് റോഡുകളെ ടോളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.