കണ്ണൂർ: അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ വർഷങ്ങൾക്കു മുൻപ് നടപ്പാക്കിയ ഇ-ശ്രം കാർഡ് പദ്ധതി പൂർണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യുഡബ്ലിയുഇസി) സംസ്ഥാന ചെയർമാൻ എ പി ഉസ്മാൻ ആരോപിച്ചു. കണ്ണൂരിൽ ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആകെ തൊഴിലാളികളിൽ 80 ശതമാനത്തോളം പേർ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 33 കോടി തൊഴിലാളികൾ ഇതിനോടകം ഇ-ശ്രം കാർഡ് എടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രം 31 ലക്ഷം പേർ ഈ പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്.
എന്നാൽ അസംഘടിത മേഖലയ്ക്കായി നിയമനിർമാണം നടത്തിയ കേന്ദ്ര സർക്കാരിന് ഈ പദ്ധതി വച്ച് തൊഴിലാളികൾക്ക് യാതൊരുവിധ ക്ഷേമവും നൽകാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് രജിസ്ട്രേഷൻ ഡാറ്റാ സംവിധാനമായ ഇ-ശ്രം പദ്ധതിയിൽ തൊഴിലാളികളെ അംഗമാക്കിയത്.
തൊഴിൽ സുരക്ഷിതത്വമില്ലാതെ കോടിക്കണക്കിന് ആളുകൾ
തൊഴിലാളികൾക്ക് വെറുമൊരു കാർഡ് വിതരണം ചെയ്തു എന്നതല്ലാതെ അവർക്ക് തൊഴിൽ സുരക്ഷിതത്വമോ മറ്റ് ക്ഷേമപ്രവർത്തനങ്ങളോ ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. രാജ്യത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വാഹന മേഖലയിലെ തൊഴിലാളികൾ തുടങ്ങി കോടിക്കണക്കിന് ആളുകൾ യാതൊരു പരിരക്ഷയുമില്ലാതെയാണ് ഇപ്പോഴും ജോലി ചെയ്യുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വിബിജി റാം പദ്ധതിയായി മാറ്റിയപ്പോഴും തൊഴിലാളികളുടെ ജീവിതത്തിൽ ഒരു മാറ്റവും സൃഷ്ടിക്കാനായില്ല. ഇ-ശ്രം പദ്ധതി ഏത് അർഥത്തിലാണ് പാവപ്പെട്ട തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്നതെന്ന് ചോദിച്ചാൽ പ്രധാനമന്ത്രിക്കോ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനോ കൃത്യമായ മറുപടി നൽകാനാവാത്ത അവസ്ഥയാണെന്നും എ പി ഉസ്മാൻ കുറ്റപ്പെടുത്തി.
ദേശീയതലത്തിൽ പ്രതിഷേധം ശക്തമാക്കും
ഇ-ശ്രം പദ്ധതിയെക്കുറിച്ച് ബിജെപി നേതാക്കളായ സദാനന്ദൻ എംപി, ദേശീയ സമിതി അംഗം എ പി അബ്ദുല്ലക്കുട്ടി എന്നിവരോട് ചോദിച്ചപ്പോൾ പഠിച്ചിട്ട് പറയാമെന്ന മറുപടിയാണ് ലഭിച്ചത്. രാജ്യത്ത് വ്യവസ്ഥാപിതമായി ഉണ്ടാക്കേണ്ട തൊഴിൽ നിയമങ്ങൾ പ്രാവർത്തികമാക്കാൻ ഇന്ത്യയിലെ അസംഘടിത തൊഴിലാളികളെ ചേർത്തുപിടിച്ച് ദേശീയതലത്തിൽ തന്നെ ശബ്ദമുയർത്താൻ യുഡബ്ലിയുഇസി തീരുമാനിച്ചിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാർ പാതിവഴിയിൽ ഉപേക്ഷിച്ച ഇ-ശ്രം പദ്ധതി ജനോപകാരപ്രദമായ രീതിയിൽ അടിയന്തരമായി പുനരാവിഷ്കരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
പാഴ്വാക്കായ വാഗ്ദാനങ്ങളും ജില്ലാതല യോഗങ്ങളും
അസംഘടിത മേഖലയിലെ തൊഴിലാളികളിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. എന്നാൽ അവർക്ക് ഈ പദ്ധതിയിലൂടെ ഇതുവരെ ഒരു നേട്ടവും ഉണ്ടായിട്ടില്ല. കേന്ദ്ര തൊഴിൽ മന്ത്രാലയം നൽകിയ ഇ-ശ്രം കാർഡ് പ്രകാരം പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന വഴി 60 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. കൂടാതെ അപകടത്തിൽ മരണപ്പെടുകയോ പൂർണ വൈകല്യം സംഭവിക്കുകയോ ചെയ്താൽ രണ്ട് ലക്ഷം രൂപയും, ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയും ധനസഹായം ലഭിക്കുമെന്നായിരുന്നു മറ്റൊരു പ്രധാന വാഗ്ദാനം.
സാമൂഹിക സുരക്ഷാ പദ്ധതികൾ, ആരോഗ്യ പരിരക്ഷ, നിർമാണ തൊഴിലാളികൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയെല്ലാം ലഭിക്കാൻ ഈ കാർഡ് പ്രയോജനപ്പെടുമെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഈ ഗുരുതരമായ പ്രശ്നം ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലും സംഘടനയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നുവരികയാണ്. ഇതിൻ്റെ ഭാഗമായി കണ്ണൂരിൽ നടന്ന യോഗം യുഡബ്ലിയുഇസി സംസ്ഥാന പ്രസിഡൻ്റ് എ പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് നൗഷാദ് ബ്ലാത്തൂർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കെപിസിസി ട്രഷറർ വി എ നാരായണൻ യോഗത്തിൽ സംസാരിച്ചു.





