വാതകത്തിൻ്റെ ഉത്ഭവവും സാധ്യതകളും മനസിലാക്കുന്നതിനായി കൂടുതൽ വിശകലനം നടത്തുമെന്നും ഓയില്‍ ഇന്ത്യ വ്യക്തമാക്കി.
ലക്‌നൗ: ആന്‍ഡമാനിലെ തീരത്തോട് ചേര്‍ന്നുള്ള ഭാഗത്ത് പ്രകൃതി വാതകം കണ്ടെത്തിയതായി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ആന്‍ഡമാന്‍ ഷാലോ ഓഫ്ഷോർ ബ്ലോക്കില രണ്ടാമത്തെ പര്യവേക്ഷണ കിണറില്‍ നിന്നാണ് പ്രകൃതിവാതകം കണ്ടെത്തിയതെന്നാണ് കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വാതകത്തിൻ്റെ സാന്നിധ്യം നിലവിലുള്ള പര്യവേക്ഷണ പ്രവർത്തനത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായി കണക്കാക്കുന്നുവെന്നും കമ്പനി പറഞ്ഞു.
ഓപ്പൺ ഏക്കറേജ് ലൈസൻസിങ് പോളിസി പ്രകാരമാണ് ഓഫ്‌ഷോർ ആൻഡമാൻ ബ്ലോക്ക് വിജയപുരം-2 എന്ന് പേരിട്ടിരിക്കുന്ന കിണർ കുഴിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പ്രാരംഭ ഉത്പാദന ഘട്ടത്തില്‍ കിണറില്‍ നിന്ന് ഇടക്കിടെ കിട്ടിയ സാമ്പിളുകൾ ശേഖരിച്ചുവച്ചെന്നും ശേഷം പ്രാഥമിക പരിശോധനയിൽ പ്രകൃതി വാതകത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചെന്നും ഒയില്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്ന കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് ഓപ്പൺ ഏക്കറേജ് ലൈസൻസിങ് പോളിസി പ്രകാരം ഓഫ്‌ഷോർ ആൻഡമാൻ ബ്ലോക്ക് AN-OSHP-2018/1 ൽ കുഴിച്ചെടുത്ത രണ്ടാമത്തെ പര്യവേക്ഷണ കിണറിൽ നിന്ന് പ്രകൃതിവാതകം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നതിൽ സന്തോഷമുണ്ട്”- ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്രസ്‌താവനയിൽ പറഞ്ഞു.
വാതകത്തിൻ്റെ ഉത്ഭവവും സാധ്യതകളും മനസിലാക്കുന്നതിനായി കൂടുതൽ വിശകലനം നടത്തുമെന്നും കമ്പനി വ്യക്തമാക്കി. ആന്‍ഡമാന്‍ തീരത്ത് ഇപ്പോള്‍ കണ്ടെത്തിയ വാതകത്തിൻ്റെ സാന്നിധ്യം ഭാവിയിലെ വാതക പര്യവേക്ഷണ പദ്ധതികളില്‍ സഹായകമാകും. കണ്ടെത്തിയ വാതകത്തിൻ്റെ ഉത്ഭവം മനസിലാക്കാൻ ഗ്യാസ് ഐസോടോപ്പ് പഠനങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിശകലനം നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
“പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് കണ്ടുപിടിച്ച വാതകം ഉറവിടത്തിൻ്റെയോ മൈഗ്രേഷൻ പാതയുടെയോ അല്ലെങ്കിൽ ഹൈഡ്രോകാർബണ്‍ ശേഖരണത്തിൻ്റെയോ ഒരു പ്രധാന സൂചകമായിരിക്കാം. ഇത് ഭാവിയിലെ പര്യവേക്ഷണ ഡ്രില്ലിങ്ങില്‍ മികച്ച സംഭാവനകള്‍ നല്‍കും” ഓയില്‍ ഇന്ത്യ പ്രസ്‌താവനയിൽ വ്യക്തമാക്കി.
റിപ്പോർട്ട് ചെയ്യപ്പെട്ട വാതകത്തിൻ്റെ സ്വഭാവവും വ്യാപ്‌തിയും കൂടുതൽ വിലയിരുത്തുന്നതിനായി പരിവേക്ഷണ കിണറിലെ ഉയർന്ന സാധ്യതകളെക്കുറിച്ച് പരിശോധന നടത്തുമെന്ന് ഓയിൽ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ തീരത്ത് നിലവില്‍ നടത്തി വരുന്ന പരിവേഷണത്തില്‍ ആദ്യമായി ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം കണ്ടെത്തിയ ബ്ലോക്കാണിതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തുറക്കുന്നത് ഊർജ അവസരങ്ങളുടെ സമുദ്രം
ആൻഡമാൻ കടലിൽ പ്രകൃതിവാതകം കണ്ടെത്തിയതിൽ നിർണായകമായ ഒരു സംഭവവികാസമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.ആൻഡമാൻ കടലിൽ പ്രകൃതിവാതകം സമ്പന്നമാണെന്ന ദീർഘകാല വിശ്വാസത്തെ സ്ഥിരീകരിക്കുന്നതാണ് നിലവിലെ കണ്ടെത്തല്‍. ഇതു കടലിൽ ഊർജ അവസരങ്ങളുടെ ഒരു സമുദ്രം തുറക്കുന്നതായും മന്ത്രി എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.






