കാൽമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് 2023 ഒക്ടോബർ മുതൽ താരം ബ്രസീലിനായി കളിച്ചിട്ടില്ല.
അടുത്ത വർഷത്തെ ലോകകപ്പ് ടീമിൽ സൂപ്പര്‍ താരം നെയ്‌മറെ ഉൾപ്പെടുത്തണമെന്ന് മുന്‍ ബ്രസീലിയൻ ഫുട്ബോൾ ഐക്കൺ റൊണാൾഡോ. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ നെയ്‌മറുടെ പങ്കാളിത്തത്തെക്കുറിച്ച് റൊണാൾഡോ ശുഭാപ്‌തി വിശ്വാസം പുലർത്തി. ‘ബ്രസീലിനായി നെയ്‌മറിന് ഒരു മാറ്റമുണ്ടാക്കാൻ കഴിയും. ബ്രസീലിയൻ സെലെക്കാവോയ്ക്ക് അദ്ദേഹം നിർണായക കളിക്കാരനാണ്. നെയ്‌മറെപ്പോലെ മറ്റൊരു കളിക്കാരൻ നമുക്കില്ലായെന്ന് സാവോ പോളോയിൽ നടന്ന ഒരു പരിപാടിയിൽ റൊണാൾഡോ പറഞ്ഞു.
നെയ്‌മറിന്‍റെ സാന്നിധ്യം ബ്രസീലിന്‍റെ വിജയസാധ്യത വർധിപ്പിക്കുമെന്ന് രണ്ടുതവണ ലോകകപ്പ് ജേതാവായ റൊണാൾഡോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകകപ്പിൽ അദ്ദേഹം പങ്കെടുക്കുമെന്ന് ജനങ്ങൾ 100 ശതമാനം പ്രതീക്ഷിക്കുന്നു, അദ്ദേഹം ലോകകപ്പിൽ ഉണ്ടെങ്കിൽ, മികച്ച ഫലങ്ങൾ തീർച്ചയായും നമുക്ക് ലഭിക്കും- റൊണാൾഡോ കൂട്ടിച്ചേർത്തു. ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിൽ ഉണ്ടായ എസിഎൽ പരിക്ക് കാരണം 2023 ഒക്ടോബർ മുതൽ നെയ്‌മര്‍ ബ്രസീലിനെ പ്രതിനിധീകരിച്ചിട്ടില്ല. സുഖം പ്രാപിച്ച് സാന്‍റോസിലേക്ക് മടങ്ങിയെത്തിയെങ്കിലും, ഫിറ്റ്‌നസ് ആശങ്കകൾ കാരണം നെയ്‌മറിന് ആഞ്ചലോട്ടി കീഴിലെ സമീപകാല മത്സരങ്ങള്‍ നഷ്ടമായി.
ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ കളിക്കാരനാണ് നെയ്‌മര്‍. 128 മത്സരങ്ങളോടെ കഫുവിനു പിന്നിലാണ്. 79 ഗോളുകൾ നേടിയ താരം രാജ്യത്തിന്‍റെ ടോപ് സ്കോറർ കൂടിയാണ്. സാന്‍റോസില്‍ അടുത്തിടെ നടത്തിയ പ്രകടനങ്ങൾ ശ്രദ്ധേയമാണ്, ആറ് ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകളും നൽകുകയും ചെയ്‌തു.
എന്നാല്‍, 2026 ലെ ടൂർണമെന്‍റിൽ നെയ്‌മറിന്‍റെ പങ്കാളിത്തം അദ്ദേഹത്തിന്‍റെ ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കുമെന്ന് ആഞ്ചലോട്ടി ഈ മാസം ആദ്യം പറഞ്ഞിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള നെയ്‌മറുടെ തിരിച്ചുവരവ് ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഭാവി ടീമുകളിൽ താരത്തെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ആഞ്ചലോട്ടി നിർണായകമായ തീരുമാനത്തെയാണ് അഭിമുഖീകരിക്കുക
നേരത്തെ തന്‍റെ പരിക്കുമായി ബന്ധപ്പെട്ട് നെയ്‌മര്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.’തിരിച്ചുവരവ് വളരെ അടുത്താണെന്ന് തോന്നി, പക്ഷേ നിർഭാഗ്യവശാൽ എനിക്ക് ഇപ്പോൾ ഈ പ്രത്യേക ജേഴ്‌സി ധരിക്കാൻ കഴിയില്ലായെന്ന് നെയ്മർ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ എഴുതി. തിരിച്ചുവരാനുള്ള എന്‍റെ ആഗ്രഹത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, പക്ഷേ ഒരു റിസ്‌കും എടുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു, പൂർണ്ണമായും ഫിറ്റ്നസ് ആയതിനുശേഷം മാത്രമേ ഞാൻ കളത്തിലേക്ക് മടങ്ങൂവെന്ന് താരം കുറിച്ചു. ജനുവരിയിൽ സൗദി ഫുട്ബോൾ ക്ലബ്ബായ അൽ-ഹിലാലുമായുള്ള കരാർ നെയ്‌മര്‍ അവസാനിപ്പിച്ചിരുന്നു. ഇത്തവണ സാന്‍റോസിനായി 19 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് താരം നേടിയത്. അടുത്തിടെ യുവന്‍റ്യൂഡിനെതിരെ 3-1 ന് നേടിയ വിജയത്തിൽ നെയ്‌മര്‍ ഇരട്ട ഗോളുകൾ സ്വന്തമാക്കിയിരുന്നു.






