ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ

0
78

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെ തുടർന്ന് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാന ഇന്ധനത്തിന്റെ (ATF) മൂല്യവർധിത നികുതി (VAT) കുറയ്ക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അഭ്യർത്ഥിച്ചു. നികുതി ഭാരം കുറയ്ക്കാനും വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ആശ്വാസം നൽകാനും നായിഡു സംസ്ഥാന മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ടതായി വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഏപ്രിൽ ഒന്നിന് വിമാന ഇന്ധനവില പുതുക്കിനിശ്ചയിക്കുന്നതിന് തൊട്ടുമുമ്പാണ് മന്ത്രിയുടെ ഈ നീക്കം. ഇന്ധനവില കൂടുന്നത് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാകും.

ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ 25% വരെ വാറ്റ് ഉണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവർ നികുതി കുറയ്ക്കാൻ തയ്യാറാകണം. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഈ സാഹചര്യത്തിന്റെ ആവശ്യകത മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവിൽ വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ലോകത്തിൽ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഡൽഹിയിലാണ്. 2024-25 കാലയളവിൽ ഏകദേശം 7.9 കോടി യാത്രക്കാരാണ് ഡൽഹി വിമാനത്താവളം വഴി യാത്ര ചെയ്തത്.

ഇന്ത്യയിലെ മറ്റൊരു പ്രധാന വിമാനത്താവളമായ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം  സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിൽ 18 ശതമാനമാണ് വിമാന ഇന്ധനത്തിന്റെ നികുതി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിലാണ് വിമാന ഇന്ധനത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്നത് – 29 ശതമാനം.

ചർച്ചകൾ പുരോഗമിക്കുന്നു

വിഷയത്തിൽ പരിഹാരം കാണുന്നതിനായി മന്ത്രാലയം സംസ്ഥാന സർക്കാർ പ്രതിനിധികളുമായി പ്രത്യേക ചർച്ചകൾ നടത്തുന്നുണ്ടെന്നും ഉടൻ അനുകൂല തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ നികുതി കുറക്കുന്നത് വിമാന കമ്പനികൾക്ക് വലിയ ആശ്വാസമാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യൻ വിമാന കമ്പനികൾ നികുതി ഭാരം കുറയ്ക്കൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് അഭ്യർത്ഥിച്ച് വരികയായിരുന്നു. ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആഗോള വിമാന ഇന്ധനത്തിന്റെ വില ഏകദേശം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here