ബെംഗളൂരു: കേരളത്തിന് പുറമെ കർണാടകയിലും ഉയർന്ന താപനില മുന്നറിയിപ്പ്. ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. ബെംഗളൂരുവിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും കലബുറഗിയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില എത്താം എന്നാണ് അറിയിപ്പ്.
കർണാടകത്തിൽ എല്ലാ ജില്ലകളിലും അടുത്ത ഒരാഴ്ചത്തേക്ക് നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്. താപനില മുന്നറിയിപ്പ് ഉയരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരു നഗരത്തിലെ പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസാണ്, അതേസമയം സെപ്റ്റംബറിൽ ശരാശരി 28 ഡിഗ്രി സെൽഷ്യസാണ്.
ബംഗളൂരുവിലെ കാലാവസ്ഥ തണുപ്പിലേക്ക് മാറേണ്ട സമയത്താണ് വലിയ ചൂട് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, തിങ്കളാഴ്ച നഗരത്തിൽ പരമാവധി താപനില 31.9 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച 32.2 ഡിഗ്രി സെൽഷ്യസുമായിരുന്നു. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ചയും ഞായറാഴ്ചയും യഥാക്രമം 33.4 ഉം 33.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
മഴക്കുറവാണ് ബെംഗളൂരുവില താപനില ഉയരാൻ കാരണമെന്ന് ബെംഗളൂരു ഐഎംഡി ഡയറക്ടർ ഇൻ-ചാർജ് എൻ പുവിയരസൻ പറഞ്ഞു. ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങൾക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഐഎംഡിയുടെ കണക്കുകൾ പ്രകാരം, കാർവാർ, ഹൊന്നാവർ, ധാർവാഡ്, ഗദഗ്, ശിവമോഗ, ചിത്രദുർഗ, മാണ്ഡ്യ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച 32 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. മൈസൂരിൽ 34.2 ഡിഗ്രി സെൽഷ്യസും ബാഗൽകോട്ടിൽ 34.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
കേരളത്തിലും താപനില ഉയർന്നുനിൽക്കുകയാണ്. വിവിധ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ചൂട് കൂടിയതിന് പിന്നാലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതും തിരിച്ചടിയായിരിക്കുകയാണ്. ഇന്നലെ മിക്കയിടത്തും ഒരു മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചൂട് കൂടിയതിനാൽ വൈദ്യുതി ആവശ്യകത കൂടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. അതേസമയം മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കും.





