വേനൽക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് തണ്ണിമത്തൻ. ദാഹം മാറ്റാനും ശരീരത്തിന് തണുപ്പ് നൽകാനും തണ്ണിമത്തനോളം മികച്ച മറ്റൊരു പഴമില്ല. എന്നാൽ, എത്ര ഗുണപ്രദമാണെങ്കിലും തണ്ണിമത്തൻ കഴിക്കുന്ന രീതിയിലും സമയത്തിലും അൽപം ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
രാത്രിയിൽ തണ്ണിമത്തൻ കഴിക്കാമോ?
രാത്രി വൈകി തണ്ണിമത്തൻ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾക്കും കാരണമാകും. തണ്ണിമത്തനിൽ ജലാംശവും പ്രകൃതിദത്തമായ പഞ്ചസാരയും കൂടുതലാണ്. രാത്രിയിൽ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നത് കൊണ്ട് ഇത് ദഹിപ്പിക്കാൻ പ്രയാസമായിരിക്കും. ഇത് വയറുവീക്കത്തിനും അസ്വസ്ഥതകൾക്കും വഴിമാറുന്നു.
എപ്പോഴാണ് ശരിയായ സമയം?
പകൽ സമയമാണ് തണ്ണിമത്തൻ കഴിക്കാൻ ഏറ്റവും അനുയോജ്യം. രാവിലെയും ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലും ഇത് കഴിക്കാം. ഈ സമയങ്ങളിൽ നമ്മുടെ ദഹനപ്രക്രിയ സജീവമായതിനാൽ ശരീരത്തിന് പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും.
അളവ് എത്രയാകണം?
ഏതൊരു ഭക്ഷണത്തെയും പോലെ തണ്ണിമത്തനും മിതമായ അളവിൽ മാത്രമേ കഴിക്കാവൂ. ഒരു ദിവസം ഒരു കപ്പ് തണ്ണിമത്തൻ കഴിക്കുന്നതാണ് ഉചിതം. അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമായേക്കാം. അതിനാൽ പ്രമേഹരോഗികൾ തണ്ണിമത്തൻ കഴിക്കുമ്പോൾ അളവ് പ്രത്യേകം ശ്രദ്ധിക്കണം.
തണ്ണിമത്തൻ കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. ഇതിൽ ശാസ്ത്രീയമായ തെളിവുകളില്ലെങ്കിലും, തണ്ണിമത്തനിൽ തന്നെ ധാരാളം ജലാംശമുള്ളതിനാൽ ഉടനെ വീണ്ടും വെള്ളം കുടിക്കുന്നത് വയറിൽ അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്.
തണ്ണിമത്തൻ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കില്ല. കാലറി കുറവായതിനാൽ ശരിയായ അളവിൽ കഴിക്കുന്നത് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമാണ്.








