താപനില 45°C ലേക്ക്; യുഎഇയിൽ കടുത്ത ചൂടും പൊടിക്കാറ്റും: പ്രവാസികൾക്ക് ജാഗ്രത നിർദേശം

0
28

ദുബായ്: തണുത്ത കാലാവസ്ഥയ്ക്ക് ശേഷം യുഎഇ വീണ്ടും ചൂടിലേക്ക്. യുഎഇയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടിനും പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയ്ക്കും സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ഉൾപ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം.

എന്നാൽ വെള്ളിയാഴ്ചയോടെ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ പ്രവാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി. ബുധനാഴ്ച മുതൽ തന്നെ രാജ്യത്ത് ചൂട് വർധിച്ചു തുടങ്ങി. ഇത് നാളെയും മറ്റന്നാളും വീണ്ടും ഉയർന്നേക്കാം.

കൂടാതെ ഉൾപ്രദേശങ്ങളിൽ 40°C മുതൽ 45°C വരെയും തീരപ്രദേശങ്ങളിൽ 39°C വരെയുമാണ് താപനില പ്രതീക്ഷിക്കുന്നത്. ചൂടിനോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് ഉയരുന്നത് പ്രവാസികൾക്ക് കൂടുതൽ പ്രയാസമുണ്ടാക്കിയേക്കാം. എന്നിരുന്നാലും തീരദേശ മേഖലകളിൽ രാത്രിയിലും പുലർച്ചെയും ഈർപ്പനില 85 ശതമാനം വരെയും ഉയർന്നേക്കാം.

ഇത് പുറംജോലികളിൽ ഏർപ്പെടുന്നവർക്കും യാത്രക്കാർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കാനും കാരണമായേക്കാം. വെള്ളിയാഴ്ച മുതൽ കാറ്റിന്റെ വേഗത വർധിക്കുമെന്ന് എൻസിഎം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്.

ഇത് വരും ദിവസങ്ങളിൽ ആകാശത്തെ മേഘാവൃതമാക്കുകയും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യും. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ തുറന്ന പ്രദേശങ്ങളിൽ മണൽക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചു.

കാറ്റ് ശക്തി പ്രാപിക്കുന്നതോടെ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. അതേസമയം കടലിൽ പോകുന്നവർക്കും തീരദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അറേബ്യൻ ഗൾഫിൽ വെള്ളിയാഴ്ച മുതൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് നിർദേശം നൽകിയത്.

കൂടാതെ ഒമാൻ കടലിൽ സ്ഥിതിഗതികൾ താരതമ്യേന ശാന്തമായിരിക്കുമെങ്കിലും നേരിയ രീതിയിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ കടൽയാത്രകൾക്കും വാരാന്ത്യ വിനോദങ്ങൾക്കുമായി പോകുന്നവർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണം. ചൂട് ഉയരുമ്പോൾ പ്രവാസികൾ അതീവ ജാഗ്രത പാലിക്കണം.

പുറത്ത് ജോലി ചെയ്യുന്നവർ ഇടവേളകൾ എടുക്കാനും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ യുഎഇ നിയമപ്രകാരമുള്ള ഉച്ചവിശ്രമ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം, മിഡ് ഡേ ബ്രേക്ക് സംബന്ധിച്ച് വരും ദിവസങ്ങളിൽ യുഎഇ അധികൃതർ അറിയിപ്പുകൾ നൽകിയേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here