രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും സജീവമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് നിലവിലെ മഴയ്ക്ക് പ്രധാന കാരണം. അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും പശ്ചിമഘട്ടത്തിൻ്റെ സ്വാധീനവും രാജ്യത്തിൻ്റെ കിഴക്കും വടക്കും ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെയുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മലയോരങ്ങളിലും ജാഗ്രത
ഹരിയാന, ഛണ്ഡിഗഡ്, ഡൽഹി, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സെപ്റ്റംബർ ഒന്നു വരെ ഒറ്റപ്പെട്ട മഴ ലഭിക്കും. കിഴക്കൻ ഉത്തർപ്രദേശിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെയും പടിഞ്ഞാറൻ രാജസ്ഥാനിൽ മൂന്നു മുതൽ അഞ്ചു വരെയും മഴയ്ക്ക് സാധ്യതയുണ്ട്.
ഉത്തരാഖണ്ഡിലെ അൽമോറ, ചമോലി, രുദ്രപ്രയാഗ്, ഹരിദ്വാർ, നൈനിറ്റാൾ എന്നിവിടങ്ങളിലും അനുബന്ധ പർവതപ്രദേശങ്ങളിലും സെപ്റ്റംബർ രണ്ടുവരെ ശക്തമായ മഴയും കാറ്റും തുടരും. ഹിമാചൽപ്രദേശിലെ ഷിംല, ബിലാസ്പൂർ, കുളു, മാണ്ഡി എന്നിവിടങ്ങളിൽ സെപ്റ്റംബർ മൂന്നുവരെ കനത്ത മഴ മുന്നറിയിപ്പുണ്ട്. ഇവിടെ പലയിടത്തും റോഡുകൾ തകർന്നു. ജമ്മ്യു കശ്മീരിലെ രജൗരി, ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളിലും മഴയും കാറ്റും ശക്തമാകും. തുടർച്ചയായ മഴ ചരിവുകളെ ദുർബലപ്പെടുത്തുന്നതിനാൽ മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മിന്നൽപ്രളയത്തിനും സാധ്യത കൂടുതലാണ്.
മധ്യ ഇന്ത്യയിൽ പ്രളയ ഭീഷണി
മധ്യപ്രദേശിൻ്റെ പടിഞ്ഞാറൻ മേഖലകളിൽ സെപ്റ്റംബർ അഞ്ചുവരെ മഴ തുടരും. കിഴക്കൻ മധ്യപ്രദേശിലും വിദർഭയിലും ഈ ദിവസങ്ങളിൽ മഴ ലഭിക്കും. ഛത്തീസ്ഗഡിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. സിങ്‌റൗളി, മാണ്ഡ്‌ല, സത്നയിലെ ചിത്രകൂട് എന്നിവിടങ്ങളിൽ ഇതിനോടകം വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്.
കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കനക്കും
ഒഡിഷയിൽ ഓഗസ്റ്റ് 31നും ഝാർഖണ്ഡിൽ സെപ്റ്റംബർ രണ്ടുവരെയും കനത്ത മഴ പെയ്യും. ബിഹാറിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെയും പശ്ചിമബംഗാളിൽ അഞ്ചു വരെയും സിക്കിമിൽ രണ്ടുവരെയും മഴ തുടരും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽപ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ സെപ്റ്റംബർ മൂന്നുവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
പടിഞ്ഞാറൻ തീരത്തും മഴ; ഗുജറാത്തിൽ പ്രതിസന്ധി
കൊങ്കൺ, ഗോവ മേഖലകളിൽ സെപ്റ്റംബർ അഞ്ചുവരെയും മധ്യ മഹാരാഷ്ട്രയിൽ രണ്ടു മുതൽ അഞ്ചു വരെയും മഴ ലഭിക്കും. മറാത്ത്‌വാഡ, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഗുജറാത്തിൽ മഴക്കുറവ് രൂക്ഷമാണ്. സംസ്ഥാനത്തെ 34 ജില്ലകളിൽ 11 എണ്ണത്തിലും 50 ശതമാനത്തിലധികം മഴയുടെ കുറവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റിൽ 96.5 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. ഇത് കൃഷിയെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലും മഴ മുന്നറിയിപ്പ്
തീരദേശ ആന്ധ്രാപ്രദേശ്, യാനം, കർണാടക, രായലസീമ, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, തെലങ്കാന എന്നിവിടങ്ങളിൽ സെപ്റ്റംബർ അഞ്ചുവരെ ഒറ്റപ്പെട്ട മഴ ലഭിക്കും. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഈ ആഴ്ച മുഴുവൻ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ ആദ്യവാരം മഴ സജീവമാകുന്നത് ചിലയിടങ്ങളിൽ ആശ്വാസമാകുമെങ്കിലും പ്രളയബാധിത പ്രദേശങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്ക, ആൻഡമാൻ കടൽ, പശ്ചിമബംഗാൾ തീരം എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് വള്ളങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും പാടില്ല. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.






