
വാഷിങ്‌ടണ്‍: ഇറാന്‍ ഒഴികെ മറ്റ് രാജ്യങ്ങളുടെ കപ്പല്‍ ഗതാഗതത്തിനായി ഹോര്‍മുസ് കടലിടുക്ക് തുറന്നിട്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കടലിടുക്കിലൂടെ കടന്ന് പോകുന്ന കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 20 ശതമാനം സുരക്ഷാ നികുതി പിന്‍വലിച്ചെന്നും അദ്ദേഹം. എന്നാല്‍ ഇറാനിയന്‍ കപ്പലുകളില്‍ നിന്നും നികുതി ഈടാക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ നിന്നാണ് നികുതി ഈടാക്കുക. മാത്രമല്ല ഇറാനിന്‍റെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് എത്തുന്ന മുഴുവന്‍ കപ്പലുകള്‍ക്കും ഇത് ബാധകമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അപകട മേഖലയായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കാന്‍ അമേരിക്കന്‍ സൈന്യം നല്‍കുന്ന സംരക്ഷണത്തിന് പകരമായാണ് 20 ശതമാനം നികുതി ഈടാക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും നുണ പ്രചാരണം നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു.
സൈനികര്‍ക്ക് പ്രശംസ: യുഎസിലെ സൈനിക മേധാവികളെയും ട്രംപ് പ്രശംസിച്ചു. ‘യുണൈറ്റഡ് സ്റ്റേറ്റ് മിലിട്ടറിയുടെ അത്ഭുതകരമായ ശക്തിക്ക് നന്ദി’യെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനും ജോയിന്‍റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്‌നെയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിന്‍റെ കമാൻഡർ അഡ്‌മിറൽ ബ്രാഡ് കൂപ്പറിനും ഒരു പ്രത്യേക സല്യൂട്ട്’. ഇവര്‍ കാരണം ലോകത്തെവിടെയും ഇല്ലാത്ത ശക്തരായ സൈന്യമായി യുഎസിന്‍റേത്.
പശ്ചിമേഷ്യയില്‍ നടത്തിയ ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നികുതി ഒഴിവാക്കാന്‍ തയ്യാറായത്. നികുതി നല്‍കുന്നതിന് പകരം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അടക്കം അമേരിക്കയില്‍ വ്യാപാര, നിക്ഷേപ ഡീലുകള്‍ നല്‍കാം. വളരെ വലിയ നിക്ഷേപങ്ങളായിരിക്കും അത്. മറ്റ് രാജ്യങ്ങള്‍ക്ക് ഭാവിയിലേക്കൊരു മുതല്‍കൂട്ടാകും.
അമേരിക്ക വീണ്ടും വിജയത്തിലേക്ക്: നിക്ഷേപത്തെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ അമേരിക്ക വീണ്ടും വിജയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “എല്ലാവർക്കും അറിയാവുന്നതുപോലെ, മറ്റ് ഏതൊരു രാജ്യത്തേക്കാളും ഏറ്റവും വലിയ ഡോളർ നിക്ഷേപം അമേരിക്കയിലുണ്ട്. എന്നാൽ പുതിയ വ്യാപാരങ്ങള്‍ അമേരിക്കയില്‍ ഡോളര്‍ നിക്ഷേപങ്ങൾ ഇരട്ടിപ്പിക്കും. കൂടാതെ ഫാക്‌ടറികൾ, പ്ലാന്‍റുകൾ, ഉപകരണങ്ങൾ എന്നിവയും വര്‍ധിക്കും.
ഇത് അമേരിക്കയില്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. അതുകൊണ്ട് അമേരിക്ക വീണ്ടും വിജയിക്കുകയാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിതത്തിലുള്ള വിജയമാണത്. 52,000 പ്രതിഷേധക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളെ ഇറാൻ കൊന്നൊടുക്കിയ ദിവസങ്ങൾ കഴിഞ്ഞു. മറ്റൊരു പ്രധാന കാര്യം ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നതാണെന്നും ട്രംപ് പറഞ്ഞു.
നികുതി പ്രഖ്യാപനം: കഴിഞ്ഞ ദിവസമാണ് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷാ നികുതി ഏര്‍പ്പെടുത്തിയത്. ഇത് അന്താരാഷ്‌ട്ര വ്യാപാര മേഖലയില്‍ കടുത്ത ആശങ്ക സൃഷ്‌ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നികുതി പിന്‍വലിച്ചതായി പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്.







