തിരുവനന്തപുരം: ഇ ശ്രീധരൻ മുന്നോട്ടുവെച്ച കേരളത്തിൻ്റെ പുതിയ അതിവേഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധ സമിതി. നിലവിലെ ഘടന പറ്റില്ലെന്നും സാമ്പത്തിക നിർദേശങ്ങൾ മാറ്റണമെന്നും സമിതി ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും വലിയ പദ്ധതിയ്ക്ക് ക്രൗഡ് ഫണ്ടിങ് സാധ്യമാകുമോ എന്ന സംശയമാണ് സമിതി മുന്നോട്ട് വയ്ക്കുന്നത്.
ഇ ശ്രീധരൻ മുന്നോട്ട് വെച്ചത് അനുസരിച്ച് 40 ശതമാനം ക്രൗഡ് ഫണ്ടിങ്ങാണ്. ഇതനുസരിച്ച് 24000 കോടി പിരിഞ്ഞു കിട്ടേണ്ടതുണ്ട്. സാമ്പത്തിക ഘടനയിൽ മാറ്റം വേണമെന്നും സ്റ്റേഷനുകൾ അടക്കം കൂടുതൽ ലാഭത്തിൽ ആക്കണമെന്നും സമിതി നിർദേശിച്ചെന്നാണ് റിപ്പോർട്ട്. പാതയുമായി മുന്നോട്ട് പോകുമ്പോൾ വിശദമായ പാരിസ്ഥിതിക പഠനം ആവശ്യമാണെന്നും സമതി പറയുന്നു. സമിതി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നാണ് വാർത്തകൾ.
ഇ ശ്രീധരൻ മുന്നോട്ടുവെച്ച പാതയെക്കുറിച്ച് പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ ആയിരുന്നു സർക്കാർ നിയോഗിച്ചിരുന്നത്. ഗതാഗത സെക്രട്ടറിയായ ടിവി അനുപമ, പരിസ്ഥിതി പ്രവർത്തകൻ ശ്രീധര്‍ രാധാകൃഷ്ണന്‍, ദക്ഷിണ റെയിൽവേയിലെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജരായ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധ ടി വീരമണി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ.
നിരവധി തവണ യോഗം ചേർന്ന ശേഷമാണ് സമിതി സർക്കാരിന് റിപ്പോർട്ട് കൈമാറാൻ ഒരുങ്ങുന്നത്. ആകെ 430 കിലോമീറ്ററാണ് അതിവേഗ പാതയുടെ ദൂരം. 70 ശതമാനം എലിവേറ്റഡ് പാതയായും 20 ശതമാനം ടണലുമായിട്ടാണ് നിർദ്ദിഷ്ട പാത ഒരുങ്ങുക. പാലത്തിൻ്റെ തൂണുകളുടെ പണി കഴിഞ്ഞാല്‍ സ്ഥലം പിന്നീട് ആവശ്യമുണ്ടാകില്ല. അത് ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരികെ നല്‍കാമെന്നാണ് ഇ ശ്രീധരൻ പറയുന്നത്.
തിരുവനന്തപുരം എയർപോർട്ട് കഴിഞ്ഞാൽ വർക്കലയിലും കൊല്ലത്തും കൊട്ടാരക്കരയിലുമാണ് അതിവേഗ റെയിലിൻ്റെ സ്റ്റേഷനുകൾ. അടൂര്‍ , ചെങ്ങന്നൂര്‍ , കോട്ടയം എന്നിവിടങ്ങളിലും എറണാകുളത്തും ആലുവയിലും തൃശൂരിലും അതിവേഗ റെയിൽ സ്റ്റേഷനുകളുണ്ടാകും. കണ്ണൂർ വരെയാണ് നിലവിൽ പാത പറയുന്നത്. തലേശരിയിലും സ്റ്റോപ്പുണ്ടാകും. കോഴിക്കോട് ജില്ലാ ആസ്ഥാനത്തിന് പുറമെ കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലും ട്രെയിൻ നിർത്തും. കുന്നംകുളം, എടപ്പാള്‍, തിരൂര്‍, കരിപ്പൂർ എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകൾ. വൈകാതെ തന്നെ ഈ അലൈമെൻ്റ് വിവരങ്ങളിലും തീരുമാനമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.






