ചക്രവാതച്ചുഴി ന്യൂനമര്‍ദമാകും; വരും മണിക്കൂറില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത,

0
23

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (നവംബര്‍ 25) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

ഉച്ചയ്‌ക്ക് ശേഷം ശക്തി പ്രാപിക്കുന്ന മഴയില്‍ ഇടിമിന്നലിനും സാധ്യത. കന്യാകുമാരി കടലിനും സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ ശക്തമായ ന്യൂനമര്‍ദമായി മാറാന്‍ സാധ്യത. കന്യാകുമാരി മാത്രമല്ല തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

നാളെ വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സുരക്ഷാ മുന്‍ കരുതലുകള്‍: ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. എപ്പോഴും മിന്നല്‍ ദൃശ്യമാകണമെന്നില്ല. അതുകൊണ്ട് ജാഗ്ര നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ഉറപ്പായാല്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറി നില്‍ക്കുക. വീട്ടിലാണെങ്കില്‍ ജനലുകളും വാതിലുകളും അടച്ചിടുക. അടയ്‌ക്കാതെ വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക.

ടെലഫോണിന്‍റെ ഉപയോഗം ഇടിമിന്നലിന്‍റെ സമയത്ത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ല. മാത്രമല്ല വീട്ടിലെ മുഴുവന്‍ ഇലക്‌ട്രിക് ഉപകരണങ്ങളുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ടെറസ്, മൈതാനം, വലിയ മരത്തിന്‍റെ ചുവട് എന്നിവിടങ്ങളില്‍ നില്‍ക്കരുത്. ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും പാടില്ല. തുറന്ന വാഹനങ്ങള്‍ അതായത് സൈക്കിള്‍, ബൈക്ക് എന്നിവയിലെ യാത്ര ഒഴിവാക്കുക.

വെള്ളത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതും മീന്‍ പിടിക്കുന്നതുമെല്ലാം ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുക. പൈപ്പിലൂടെ ഇടിമിന്നല്‍ പ്രവഹിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.

ആകാശത്ത് മഴമേഘങ്ങള്‍ ദൃശ്യമായാല്‍ ബോട്ടിങ്ങും മത്സ്യബന്ധവും നടത്തുന്നവര്‍ വേഗത്തില്‍ കരയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുക. വളര്‍ത്ത് മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക. അതുപോലെ മൈതാനത്തോ ടെറസിലോ കുട്ടികളെ കളിക്കാന്‍ വിടാതിരിക്കുക. മിന്നലുള്ള സമയത്ത് വീടിന്‍റെ ടെറസില്‍ വിരിച്ചിട്ട വസ്‌ത്രങ്ങള്‍ എടുക്കാന്‍ പോകരുത്.

യാത്രക്കാരാണെങ്കില്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നില്‍ക്കുന്നത് ഒഴിവാക്കുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിന് അകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here