ഗോവ സംസ്ഥാനത്തിലെ ഒരു വെള്ളച്ചാട്ടമാണ് ദൂധ്സാഗർ (ഇംഗ്ലീഷ്: Dudhsagar Falls, ഹിന്ദി: दूधसागर जलप्रपात ). 1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മാണ്ഡവി നദിയിലാണുള്ളത്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 കി.മീ അകലെയായാണ് ദൂധ്സാഗർ സ്ഥിതിചെയ്യുന്നത്. പാൽക്കടൽ എന്നാണ് ദൂധ്സാഗർ എന്ന വാക്കിനർത്ഥം.
പശ്ചിമഘട്ടത്തിലെ ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലും മൊല്ലെം ദേശീയോദ്യാനത്തിലുമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് . പശ്ചിമഘട്ടത്തിൽ നിന്ന് മണ്ഡോവി നദി അറബിക്കടലിൽ ചേരുന്ന പഞ്ചിമിലേക്കുള്ള യാത്രയിലെ ഒരു അടയാളമാണ് ഈ വെള്ളച്ചാട്ടം. ജൈവവൈവിധ്യത്താൽ സമ്പന്നമായ ഇലപൊഴിയും വനങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം. പാൽ പോലെ ഒഴുകിയിറങ്ങുന്ന ദൂദ്‌സാഗർ വെള്ളച്ചാട്ടം, മൺസൂൺ കഴിഞ്ഞ ശേഷം വെള്ളത്തിൻ്റെ ഒഴുക്ക് കുറയുകയും ട്രെക്കിംഗ് വഴികൾ തുറക്കുകയും ചെയ്യുന്ന മഞ്ഞുകാലത്താണ് കൂടുതൽ മനോഹരമാകുന്നത്.
മഴക്കാലത്ത് ശക്തിപ്രാപിക്കുന്നതിനാൽ ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിഷേധിക്കാറുണ്ട്. ഒക്ടോബറോടെ പ്രവേശനം പുനഃസ്ഥാപിക്കും. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദൂധ്സാഗർ. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ 5ആമതും ലോകത്തിൽ 227ആമതുമാണ് ദൂധ്സാഗറിന്റെ സ്ഥാനം. അനേകം ഘന.അടി വെള്ളമാണ് ഈ ജലപാതത്തിലൂടെ വർഷകാലത്ത് ഉഴുകുന്നത്. ഗോവയിലെ പ്രകൃതി സൗന്ദര്യത്തിൻ ഈ ജലപാതം മാറ്റുകൂട്ടുന്നു.
ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലൂടെയുള്ള മനോഹരമായ ജീപ്പ് യാത്രയിലൂടെയോ കാൽനടയാത്രയിലൂടെയോ ഇവിടെയെത്താം.റോഡുവഴിയും റെയിൽ വഴിയും ഈ വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചേരാൻ സാധിക്കും. കുലേം തീവണ്ടിനിലയമാണ് ദൂധ്സാഗറിനോട് ഏറ്റവും അടുത്തുകിടക്കുന്നത്. ദേശിയപാത 4A വഴിയും ഇവിടെ എത്തിച്ചേരാം. വെള്ളച്ചാട്ടത്തിലെത്താൻ രണ്ട് വഴികളുണ്ട്. ഒന്ന് കുലേമിൽ നിന്ന് ട്രെക്ക് ആരംഭിച്ച് വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് ജീപ്പ് പാത പിന്തുടരുക എന്നതാണ്. രണ്ടാമത്തെ ഓപ്ഷൻ ഏകദേശം 11 കിലോമീറ്റർ ദൂരമുള്ള റെയിൽവേ ട്രാക്ക് വഴിയാണ്. കുറഞ്ഞ സുരക്ഷയോടെ റെയിൽവേ ട്രാക്കിൽ സഞ്ചരിക്കുന്നത് വളരെ അപകടകരമാണെന്നതിനാൽ ഗോവ സർക്കാർ (വനം വകുപ്പ്) ഈ ട്രെക്ക് അനുവദിക്കുന്നില്ല. റെയിൽവേ ട്രാക്കിലൂടെ ട്രെക്ക് ചെയ്യുന്ന ഏതൊരാൾക്കും കനത്ത പിഴ ചുമത്താം, ജയിലിൽ അടയ്ക്കാനും കഴിയും.





