പാറമേക്കാവിൻ്റെ പടക്കനിർമാണശാല സീൽ ചെയ്തു, ഉടമയ്ക്കെതിരെ കേസ്;

0
34

പാലക്കാട്: പാറമേക്കാവ് ദേവസ്വത്തിൻ്റെ പടക്കനിർമാണശാലയിൽ അനുവദനീയമായതിലും അധികം വെടിമരുന്ന് സൂക്ഷിച്ച സംഭവത്തിൽ ലൈസൻസി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവിലെ നിർമാണശാല പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മുണ്ടത്തിക്കോട് സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലൊടുവിനാണ് നടപടി.

ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പടക്കനിർമാണശാല സീൽ ചെയ്തത്. 50 കിലോ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമാണ് നിലവിൽ ബിനോയിക്ക് അനുമതിയുള്ളത്. എന്നാൽ പരിശോധനയിൽ 500 കിലോയിലധികം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

പാറമേക്കാവ് ദേവസ്വത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ ഇവിടെയാണ് നിർമിച്ചിരുന്നത്. നിലവിൽ കണ്ടെത്തിയ വെടിമരുന്ന് കോടതിയുടെ നിർദേശപ്രകാരം നിർവീര്യമാക്കുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടി അറിയിച്ചു. രാവിലെ തന്നെ നിർമാണശാലയ്ക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

എന്നാൽ വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് രംഗത്തെത്തി. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് ജി രാജേഷ് പറഞ്ഞു. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെങ്കിലും പ്രധാന രണ്ട് വെടിക്കെട്ടുകളും നടത്തണം. ചർച്ചയ്ക്ക് തൊട്ടുമുമ്പ് പാറമേക്കാവ് ലൈസൻസ്ക്കെതിരെ കേസെടുത്തത് വേട്ടയാടലാണ്. ദേശക്കാരുടെ പ്രതിനിധി മാത്രമാണ് ദേവസ്വം ഭാരവാഹികളെന്നും സെക്രട്ടറി പറഞ്ഞു.

വെടിക്കെട്ട് ഉൾപ്പെടെ നടത്തണമെന്നാണ് ദേശത്തിൻ്റെ പൊതുവികാരം. ആ വികാരം യോഗത്തിൽ അറിയിക്കാനാണ് ദേശം ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ജി രാജേഷ് കൂട്ടിച്ചേര്‍ത്തു. പാറമേക്കാവിന് വേണ്ടി വെടിക്കോപ്പ് ഒരുക്കുന്നത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമാണശാലയിലാണ്. പെസോ മാനദണ്ഡം ലംഘിച്ച് ഇവിടെ അതിലുമേറെ പെടിമരുന്ന് സൂക്ഷിച്ചതായി പരിശോധനില്‍ കണ്ടെത്തി.

അതേസമയം, തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടം കടുത്ത ചൂട് മൂലമല്ലെന്നും അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തതിനാലാണെന്നുമാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. നിർമാണ പ്രവർത്തനങ്ങളിൽ പരിചയക്കുറവുള്ളവർ പങ്കാളികളായതും ദുരന്തത്തിൻ്റെ ആഘാതം കൂട്ടിയിട്ടുണ്ടാകാമെന്ന് അധികൃതർ സംശയിക്കുന്നുണ്ട്.

മുണ്ടത്തിക്കോട് ദുരന്തത്തില്‍ കാണാതായ നാലുപേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ചികില്‍സയിലിരുന്ന ഒരാള്‍കൂടി മരിച്ചതോടെ പത്ത് മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയ ഒന്‍പത് മൃതദേഹങ്ങളില്‍ എട്ടെണ്ണം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 32 ശരീരഭാഗങ്ങളും ഒരു പൂര്‍ണ മൃതദേഹവുമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവയുടെ ഡിഎന്‍എ പരിശോധനാ നടപടികള്‍ തുടരുകയാണ്. 12പേര്‍ ചികില്‍സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here