ഗവേഷക വിദ്യാർഥിയായ ശിവങ്ക് അവസ്‌തിയാണ് വെടിയേറ്റ് മരിച്ചത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
കാനഡയിലെ ടൊറൻ്റോ സർവകലാശാല കാമ്പസിന് സമീപം വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഗവേഷക വിദ്യാർഥിയായ ശിവങ്ക് അവസ്‌തിയാണ് വെടിയേറ്റ് മരിച്ചത്. പ്രതിയെ കണ്ടെതതാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ഡിസംബർ 23 ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് ഏകദേശം 3.30 ഓടെയാണ് ഹൈലാൻ്റ് ക്രീക്ക് ട്രെയിലിലും ഓൾഡ് കിംഗ്‌സ്‌റ്റൺ റോഡിലുമായി ഒരാൾ വെടിയേറ്റ് കിടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുമ്പോഴേക്കും അവസ്‌തി മരിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രതി പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ സ്ഥലം വിട്ടതായും ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം എന്ന നിലയിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേസിലെ നിർണായക തെളിവുകൾ കണ്ടെത്തി അവസ്‌തിയുടെ കുടുംബത്തെ വിവരം അറിയിക്കുക എന്നതാണ് തങ്ങളുടെ പ്രധാന പരിഗണ. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ പറ്റുള്ളുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യൻ കോൺസുലേറ്റ്
“ടൊറൻ്റോ സർവകലാശാല സ്‌കാർബറോ കാമ്പസിനടുത്ത് നടന്ന വെടിവെപ്പിൽ ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ മരണത്തിൽ ഞങ്ങൾ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു. വിദ്യാർഥിയുടെ കുടുംബവുമായി ബന്ധപ്പെടുകയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായവും നൽകുന്നതായിരിക്കും”, കോൺസുലേറ്റ് എക്‌സിൽ കുറിച്ചു.
വിദ്യാർഥിയുടെ മരണവാർത്ത കേട്ടപ്പോൾ അങ്ങേയറ്റം ദുഃഖം തോന്നിയതായി യുടിഎസ്‌സി വക്താവ് പറഞ്ഞു. ഈ വിഷയത്തിൽ ഉടനടി നടപടി എടുത്ത കാമ്പസ് സേഫ്‌റ്റി ടീമിനോടും ടൊറൻ്റോ പൊലീസ് സർവീസിനോടും മെഡിക്കൽ സർവീസ് ഉദ്യോഗസ്ഥരോടും യുടിഎസ്‌സി വക്താവ് നന്ദി അറിയിച്ചു.
അതേസമയം കാമ്പസിനകത്തുള്ള എല്ലാവരും അകത്ത് തന്നെ തുടരണമെന്നും പുറത്തുള്ളവർ പ്രദേശം വിട്ടുപോകണമെന്നും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുടിഎസ്‌സിയിലെ ഹൈലാൻഡ് ക്രീക്ക് വാലിയിലാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞ വിവരം.
ഇവിടേക്കുള്ള വഴികൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇത് തുറക്കുന്നത് വരെ ഈ വഴിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ആളുകളോട് നിർദ്ദേശിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ സമൂഹ മാധ്യമമം വഴി അറിയിച്ചു.
കാനഡയിലെ ഏറ്റവും വലിയ സർവകാലാശാലകളിൽ ഒന്നാണ് ടൊറൻ്റോ സർവകലാശാല. 10,000 ലധികം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. 700 ലധികം ബിരുദ പ്രോഗ്രാമുകളും 200 ലധികം ബിരുദാനന്ദര ബിരുദ പ്രോഗ്രാമുകളും ഇവിടെയുണ്ട്.







